LiveTV

Live

National

‘’നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകണം’’; വിതുമ്പലടക്കി കരുത്തോടെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ

ഈ കേസിന്റെ ഗൂഡാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും ശ്വേതാ ഭട്ട് 

‘’നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകണം’’; വിതുമ്പലടക്കി കരുത്തോടെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ

ദുരൂഹമായ കസ്റ്റഡി മരണക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ഭട്ടിന്റെ ശിക്ഷാവിധിക്കെതിരെ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ശ്വേതാഭട്ട് മീഡിയവണിനോട്. കത്വ കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി പോരാടിയ അഭിഭാഷക ദീപിക സിങ് രജാവത്ത് സജ്ഞീവ് ഭട്ടിനായി രംഗത്തിറങ്ങും. ഈ കേസിന്റെ ഗൂഡാലോചന ഹൈക്കോടതിയില്‍ തെളിയുമെന്നാണ് പ്രതീക്ഷയെന്നും ശ്വേതാ ഭട്ട് ഞങ്ങളുടെ പ്രതിനിധി ടി.കെ റാഷിദുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. സഞ്ജീവിനായി പൊതുസമൂഹത്തിന്റെ പിന്തുണ തേടിയ ശ്വേത വാക്കുകള്‍ കിട്ടാതെ വിതുന്പിയാണ് സംസാരം അവസാനിപ്പിച്ചത്.

സഞ്ജീവ് ഭട്ടിനെ ജയിലില്‍ കണ്ടപ്പോ അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരുന്നു. എന്ത് പറഞ്ഞു ?

കോടതി വിധി പറയുന്ന ദിവസം ഞാന്‍ അവിടെ ഉണ്ടായിരുന്നു. അന്നല്ലെങ്കില്‍ പിന്നെ കാണാനെ കഴിയുമായിരുന്നില്ല. അവിടെ വച്ച് ആ കൂടിക്കാഴ്ച അങ്ങേയറ്റം ക്ലേശകരമായിരുന്നു എനിക്ക്. അന്ന് അദ്ദേഹം ആ വിധിയില്‍ നിരാശനായിരുന്നു. 35 വര്‍ഷം നാടിന് സേവനം ചെയ്ത ഒരുദ്യോഗസ്ഥന് തിരിച്ച് കിട്ടിയത് എന്താണെന്ന് നോക്കൂ. അതുകൊണ്ട് തന്നെ, ഞാനും ദു:ഖിതയാണ്.

നിയമ പോരാട്ടത്തില്‍ അടുത്ത നീക്കം എന്താണ് ?

ഹൈക്കോടതിയെ സമീപിക്കും. വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത ആഴ്ച സമര്‍പ്പിക്കും.

എത്രമാത്രം ആത്മവിശ്വാസമുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ ?

നീതിബോധമുള്ള ഏതെങ്കിലും ഒരു ജഡ്ജിയുണ്ടാകും. എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നമ്മുടെ നാട് മുന്നോട്ട് പോവുക. നീതി ബോധമുള്ള ഏത് ജഡ്ജിക്കും മനസിലാകും ഈ കേസില്‍ ഒന്നുമില്ലെന്ന്. സഞ്ജീവ് ഭട്ട് അവരെ കസ്റ്റഡിയില്‍ അറസ്റ്റ് ചെയ്തുവെന്നും മര്‍ദ്ദിച്ചുവെന്നും തുടങ്ങി ഒന്നിനും ഒരു പൊലീസ് റിപ്പോര്‍ട്ടോ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ ജയില്‍ അധികാരികളുടെ റിപ്പോര്‍ട്ടോ, ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടോ ഒന്നും തെളിവായി ഇല്ല. കസ്റ്റഡിയില്‍‌ നിന്ന് മോചിതരായ ശേഷം മരിക്കുന്നത് വരെ അയാള്‍ ആര്‍‌ക്കും ഒരു പരാതിയും നല്‍കിയിട്ടില്ല.

വിചാരണ സമയം ഒരു പാട് രേഖകള്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടു, ഞങ്ങള്‍ക്ക് വാദിക്കാന്‍ വേണ്ടി. പക്ഷേ ഒന്നും അനുവദിച്ചില്ല. എല്ലാം നശിച്ചു എന്നാണ് അവര്‍ പറയുന്നത്. 300 സാക്ഷികളില്‍ വെറും 30 പേര്‍ മാത്രമാണ് വിസ്തരിക്കപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രധാന സാക്ഷികളെയോ വിസ്തരിച്ചില്ല. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ ഞങ്ങളെ അനുവദിച്ചില്ല. അങ്ങനെ ഏകപക്ഷീയമായ വിചാരണയാണ് കീഴ്കോടതിയില്‍ നടന്നത്.

‘’നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകണം’’; വിതുമ്പലടക്കി കരുത്തോടെ സഞ്ജീവ് ഭട്ടിന്റെ ഭാര്യ

പൊതു സമൂഹത്തോട് പറയാനുള്ളത് ?

എല്ലാവരും കൂടെയുണ്ടാകണം. നമ്മള്‍ ഉള്ളില്‍ പരസ്പരം സംസാരിച്ചത് കൊണ്ട് മാത്രം ഒന്നുമാകില്ല. തെരുവിലിറങ്ങണം. ശബ്ദമുയര്‍ത്തണം. ഇതുപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. കാരണം ജനതയുടെ വിധി എന്നത് വലിയ ഒരു കാര്യമാണ്. ദൈവ വിധി അതിലും വലുതും. രണ്ടും ഒന്നിച്ച് കിട്ടിയാല്‍ എല്ലാം മാറി മറിയും എന്ന് ഞാന്‍ കരുതുന്നു

ഭര്‍ത്താവിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?

ഭര്‍ത്താവിനെ കുറിച്ചോര്‍ത്ത് എന്നും അഭിമാനമാണ്. ഞങ്ങള്‍ ഒന്ന് കണ്ടിട്ട് 10 മാസമായി. ഒന്നിച്ചിരുന്ന് ചായ കുടിക്കാനാകുന്നില്ല, ഭക്ഷണം കഴിക്കാനാകുന്നില്ല. പത്ത് മാസമായി വീട്ടിലില്ല സഞ്ജീവ്. ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. എത്രയും പെട്ടെന്ന് തിരികെ വീട്ടിലെത്തിക്കിട്ടാന്‍ ആഗ്രഹിക്കുന്നു.