LiveTV

Live

National

ഹാമിദ് അൻസാരിയെ തേജോവധം ചെയ്യാൻ ആസൂത്രിത നീക്കം; വ്യാജവാർത്തയുമായി പ്രമുഖ മലയാള പത്രവും

വലതുപക്ഷ അനുകൂല വെബ്‌സൈറ്റായ സൺഡേ ഗാർഡിയൻ ലൈവ് ആണ് അൻസാരിക്കെതിരായ സൂദിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തത്. മോദി സർക്കാറിൽ മന്ത്രിയായിരുന്ന എം.ജെ അക്ബർ 2010-ൽ ആരംഭിച്ചതാണ് സൺഡേ ഗാർഡിയൻ.

ഹാമിദ് അൻസാരിയെ തേജോവധം ചെയ്യാൻ ആസൂത്രിത നീക്കം; വ്യാജവാർത്തയുമായി പ്രമുഖ മലയാള പത്രവും

മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ തേജോവധം ചെയ്യാൻ ആസൂത്രിത നീക്കം. ഇറാനിലെ ഇന്ത്യൻ അംബാസഡറായിരിക്കുമ്പോൾ അൻസാരി ഇന്ത്യയുടെ റിസർച്ച് ആന്റ് അനലൈസിസ് വിംഗിനെ (റോ) തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മുൻ റോ ഉദ്യോഗസ്ഥൻ എൻ.കെ സൂദ് ആണ് രംഗത്തെത്തിയിരിക്കുന്നത്. ആർ.എസ്.എസ് അനുഭാവിയും കടുത്ത ന്യൂനപക്ഷ വിരോധിയുമായ എൻ.കെ സൂദിന്റെ ആരോപണം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തിരക്കിലാണ് സംഘ് പരിവാർ. മലയാളത്തിലടക്കമുള്ള മാധ്യമങ്ങളും ഇത് ഏറ്റെടുത്തിട്ടുണ്ട്.

വലതുപക്ഷ അനുകൂല വെബ്‌സൈറ്റായ സൺഡേ ഗാർഡിയൻ ലൈവ് ആണ് അൻസാരിക്കെതിരായ സൂദിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തത്. ഒന്നാം നരേന്ദ്ര മോദി സർക്കാറിൽ മന്ത്രിയായിരുന്ന എം.ജെ അക്ബർ 2010ൽ ആരംഭിച്ചതാണ് സൺഡേ ഗാർഡിയൻ. 1990-1992 കാലയളവിൽ ഇറാനിൽ ഹാമിദ് അൻസാരി ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുവെന്നും ഇറാൻ ഇന്റലിജൻസ് ഏജൻസിയായ സവാകുമായി അദ്ദേഹം ഒത്തുകളിച്ചെന്നും സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2017ൽ ഒരുപറ്റം ഉദ്യോഗസ്ഥർ മോദിയെ കണ്ടിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ, ട്വിറ്ററിലൂടെ ആരോപണമുന്നയിച്ച സൂദിന്റേതല്ലാത്ത പേരുകളൊന്നും സൺഡേ ഗാർഡിയൻ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. 1990-92 കാലയളവിൽ ഇറാനിൽ റോയുമായി ബന്ധപ്പെട്ടു സംഭവിച്ചുവെന്നവകാശപ്പെടുന്ന കാര്യങ്ങൾ റിപ്പോർട്ടിലുണ്ടെങ്കിലും അവയ്ക്കു പിന്നിൽ അൻസാരിയാണെന്നു സ്ഥാപിക്കുന്ന തെളിവുകളും വ്യക്തമാക്കുന്നില്ല.

2010-ൽ റോയിൽ നിന്നു പിരിഞ്ഞ എൻ.കെ സൂദ് സംഘ് പരിവാർ അനുകൂലിയും ന്യൂനപക്ഷ വിരോധിയുമാണെന്ന് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നു വ്യക്തമാകുന്നു. 'എന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി; വിദേശ സഞ്ചാരങ്ങളും നേട്ടങ്ങളും' എന്ന കൃതിയുടെ രചയിതാവായ സൂദിന്റെ ഒരു ട്വീറ്റ് ഇങ്ങനെ:

'ഹിന്ദുക്കളുടെ പ്രവൃത്തി പ്രോത്സാഹിപ്പിക്കേണ്ടതാണ്. മുസ്ലിംകളെ ആക്രമണത്തിലൂടെ മാത്രമേ നേരിടാനാവൂ. 60-കളിലെ വെള്ളിയാഴ്ച പ്രാർത്ഥനക്കു ശേഷം മുസ്ലിംകൾ ജമാ മസ്ജിദിനു സമീപമുള്ള ഹിന്ദു ഷോപ്പുകൾ ആക്രമിക്കാറുണ്ടായിരുന്നു. ആർ.എസ്.എസ് മുന്നോട്ടുവന്നാണ് അത് തടുത്തത്.'

മറ്റൊരു ട്വീറ്റിൽ ഗാന്ധിയൻ മാർഗത്തിലൂടെയല്ല, അക്രമത്തിലൂടെ വേണം മുസ്ലിംകളോട് പോരാടാൻ എന്നും സൂദ് പറയുന്നുണ്ട്.

കമ്മ്യൂണിസ്റ്റുകൾ ഹിന്ദുവിരോധികളാണെന്നും ഇന്ത്യൻ വിരോധികളാണെന്നും മറ്റൊരു ട്വീറ്റിലുണ്ട്. സംഘ് പരിവാർ അനുകൂലികളുടെയും മറ്റും ട്വീറ്റുകൾ ഇദ്ദേഹം നിരന്തരം റീട്വീറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

അൻസാരിക്കെതിരായ ആരോപണത്തിന്റെ വാർത്ത പ്രസിദ്ധീകരിച്ച ഒരു പ്രമുഖ മലയാള പത്രം, പൗരനെന്ന നിലയിൽ ഇന്ത്യയിൽ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികൾ സ്ഥാപിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചതായി അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഹാമിദ് അൻസാരി ഇവ്വിധം പ്രസ്താവന നടത്തിയതായി മുഖ്യധാരാ മാധ്യമങ്ങളിൽ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഘ് പരിവാർ അനുകൂല പ്രചരണ വെബ്‌സൈറ്റായ ഓപ് ഇന്ത്യ, ഹാമിദ് അൻസാരിയുടെ വാക്കുകൾ വളച്ചൊടിച്ച് നൽകിയ റിപ്പോർട്ട് പ്രമുഖ മലയാള പത്രം അതേപടി ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുകയാണ് ചെയ്തിട്ടുള്ളത്.