LiveTV

Live

National

ലിച്ചിപ്പഴ സിദ്ധാന്തം നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ പരാജയം മറയ്ക്കാനോ? മുസാഫർപൂരിലെ ഗ്രാമങ്ങളില്‍ കണ്ടത്..

‘’കുട്ടികൾക്ക് വിശന്നാൽ ഉപ്പിട്ട വെള്ളം കൊടുക്കും. മതിയാകില്ല. പക്ഷേ ജീവൻ നിലനിർത്താൻ കഴിയുമല്ലോ”.

ലിച്ചിപ്പഴ സിദ്ധാന്തം നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ പരാജയം മറയ്ക്കാനോ? മുസാഫർപൂരിലെ ഗ്രാമങ്ങളില്‍ കണ്ടത്..

ബിഹാറില്‍ കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിക്കുന്നത് പട്ടിണിയും പോഷകാഹാരക്കുറവും. ഉപ്പിട്ട വെള്ളം കുടിച്ചാണ് ദരിദ്ര ഗ്രാമങ്ങളില്‍ കുട്ടികള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. മസ്തിഷ്കജ്വരത്തിന് കാരണം ലിച്ചിപ്പഴം കഴിച്ചതെന്ന ആരോപണം, സര്‍ക്കാരിന്റെ വീഴ്ച മറിക്കാനാണെന്ന വാദവും ശക്തമാണ്. മീഡിയവണ്‍ അന്വേഷണം..

ജൂൺ ആദ്യ വാരത്തിലാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ മസ്തിഷ്ക ജ്വരം പടർന്നത്. ആദ്യ രണ്ടാഴ്ചക്കകം മരണസംഖ്യ 100 കവിഞ്ഞു. ലിച്ചി പഴത്തിന്റെ നാടാണ് മുസാഫർപൂർ. രാത്രി കുട്ടികൾ അത്താഴത്തിനു പകരം കാലി വയറ്റിൽ ലിച്ചി പഴം കഴിക്കുന്നതാണ് അസുഖത്തിന് കാരണമെന്ന് ഒരു വിഭാഗം മെഡിക്കൽ വിദഗ്ധരുടെ വാദം. എന്നാൽ ഒരു വിഭാഗം ഇതിനെതിരാണ്. "ലിച്ചി പഴം ഔഷധ ഗുണമുള്ളതാണ്. പ്രോട്ടീൻ കാർബോഹൈഡ്രേറ്റുകൾ, മൂലകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു", എന്ന് ചില ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഗ്രാമത്തിലെ കാഴ്ച സത്യം പറയും. 12 പേർ മരിച്ച ഹരിവംശ് പൂർ അത്താഴപട്ടിണിക്കാരുടെ ഗ്രാമമാണ്- ''കുട്ടികൾക്ക് വിശന്നാൽ ഉപ്പിട്ട വെള്ളം കൊടുക്കും. മതിയാകില്ല. പക്ഷേ ജീവൻ നിലനിർത്താൻ കഴിയുമല്ലോ".

പോഷകാഹാരക്കുറവാണ് യഥാർഥ കാരണം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 1000 കുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. നിതീഷ് കുമാർ സർക്കാരിന്റെ പരാജയം മറയ്ക്കാനാണ് ലിച്ചി പഴസിദ്ധാന്തം ഉന്നയിക്കുന്നതെന്ന് ആക്ഷേപമുണ്ട്.