LiveTV

Live

National

തിവാരെ ഡാം തകര്‍ന്നത് ഞണ്ടുകള്‍ തുരന്നത് മൂലമെന്ന്  മഹാരാഷ്ട്ര ജലവിഭവ മന്ത്രി

ശിവസേന നിയമസഭാംഗമാണ് അണക്കെട്ട് നിര്‍മാണം കരാറെടുത്തിരുന്നതെന്നും ദുരന്തമുണ്ടായ ശേഷം അപകടമുണ്ടാക്കിയത് ഞണ്ടുകളാണെന്ന് പ്രസ്താവന നടത്താന്‍ നാണമില്ലേയെന്നും കോണ്‍ഗ്രസ് വക്താവ് നവാബ് മാലിക് ചോദിച്ചു

തിവാരെ ഡാം തകര്‍ന്നത് ഞണ്ടുകള്‍ തുരന്നത് മൂലമെന്ന്  മഹാരാഷ്ട്ര ജലവിഭവ മന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ അണക്കെട്ട് തകര്‍ന്നത് ഞണ്ടുകളുടെ ആക്രമണം മൂലമെന്ന് ജലസംരക്ഷണ മന്ത്രി തനാജി സാവന്ത്. റിസര്‍വോയറില്‍ ഞണ്ടുകള്‍ പെരുകിയെന്ന് പരാതി ഉണ്ടായിരുന്നു. ഞണ്ടുകള്‍ കൂട്ടത്തോടെയെത്തി അണക്കെട്ട് തുരന്നതോടെ ഡാമിന് വിള്ളല്‍ വീണു. അതാണ് ദുരന്തത്തിന് കാരണമായത് പതിനഞ്ച് വര്‍ഷം മാത്രം പഴക്കമുള്ള തിവാരി അണക്കെട്ടിന് ബലക്ഷയമോ മറ്റ് കേടുപാടുകളോ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 18 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. നിര്‍മാണത്തിലെ പാകപ്പിഴയാണോ അപകടമുണ്ടാക്കിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സമീപവാസികളോ കര്‍ഷകരോ തനിക്ക് അങ്ങനൊരു വിവരം നല്‍കിയിട്ടില്ലെന്നായിരുന്നു ശിവസേന അംഗമായ മന്ത്രിയുടെ മറുപടി.

2004 ലാണ് അണക്കെട്ട് പണിതത്. കനത്ത മഴയില്‍ അണക്കെട്ടിലെ വെള്ളം എട്ട് മീറ്റര്‍ അധികം ഉയര്‍ന്നിരുന്നു. അണക്കെട്ടിലെ വിള്ളലുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും സമീപത്തുള്ള ബന്ദേവാടി ഗ്രാമത്തിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

ശിവസേന നിയമസഭാംഗമാണ് അണക്കെട്ട് നിര്‍മാണം കരാറെടുത്തിരുന്നതെന്നും ദുരന്തമുണ്ടായ ശേഷം അപകടമുണ്ടാക്കിയത് ഞണ്ടുകളാണെന്ന് പ്രസ്താവന നടത്താന്‍ നാണമില്ലേയെന്നും കോണ്‍ഗ്രസ് വക്താവ് നവാബ് മാലിക് ചോദിച്ചു. അണക്കെട്ട് തകര്‍ന്നതില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്‍കുകയാണ് വേണ്ടതെന്നും നവാബ് പ്രതികരിച്ചു.