LiveTV

Live

National

സീ ന്യൂസിനെ സംരക്ഷിച്ച് സ്പീക്കർ; മഹുവ മോയ്ത്രയുടെ അവകാശ ലംഘന നോട്ടീസ് അനുവദിച്ചില്ല  

സംഘ് പരിവാർ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ചൗധരി, അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ മാർട്ടിൻ ലോംഗ്മാന്റെ ലേഖനത്തെയാണ് ഉദ്ധരിച്ചത്.  

സീ ന്യൂസിനെ സംരക്ഷിച്ച് സ്പീക്കർ; മഹുവ മോയ്ത്രയുടെ അവകാശ ലംഘന നോട്ടീസ് അനുവദിച്ചില്ല  

ന്യൂഡൽഹി: തനിക്കെതിരെ വ്യാജവാർത്ത നൽകിയ ടെലിവിഷൻ ചാനൽ സീ ന്യൂസിനെതിരെ ലോക്‌സഭയിൽ അവകാശ ലംഘന നോട്ടീസ് അവതരിപ്പിക്കാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മോയ്ത്രക്ക് സ്പീക്കറുടെ വിലക്ക്. പാർലമെന്റിൽ മഹുവ നടത്തിയ കന്നിപ്രഭാഷണത്തിന്റെ ഉള്ളടക്കം മോഷണമാണെന്ന് സീ ന്യൂസ് വാർത്ത നൽകിയിരുന്നു. സീ ന്യൂസിനും എഡിറ്റർ സുധീർ ചൗധരിക്കുമെതിരെ താൻ അവകാശലംഘന നോട്ടീസ് സമർപ്പിച്ചിട്ടുണ്ടെന്ന് മഹുവ ലോക്‌സഭയിൽ പറഞ്ഞു. എന്നാൽ, ഇത് അനുവദിക്കില്ലെന്നും ശൂന്യവേളയിൽ ഉന്നയിക്കാമെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. ഇംഗ്ലീഷിലുള്ള മഹുവയുടെ അവതരണത്തിൽ സ്പീക്കർ ഇടപെട്ടത് ഹിന്ദിയിലാണ്.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് ലോക്‌സഭയിലെത്തിയ മഹുവ മോയ്ത്രയുടെ കന്നി പാർലമെന്റ് പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫാസിസത്തിന്റെ ഏഴ് അടയാളങ്ങൾ എണ്ണിപ്പറഞ്ഞ അവർ ഇന്ത്യയിൽ ഫാസിസം വളരുകയാണെന്നും ആരോപിച്ചു. ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ലെന്നു പറഞ്ഞാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.

മഹുവ മോയ്ത്രയുടെ പ്രസംഗത്തിലെ വരികൾ, 2017-ൽ ഡൊണാൾഡ് ട്രംപിനെതിരെ ഒരു അമേരിക്കൻ വെബ്‌സൈറ്റിൽ നിന്ന് കോപ്പിയടിച്ചതാണെന്നായിരുന്നു സീ ന്യൂസിലെ തന്റെ പ്രോഗ്രാമിൽ സുധീർ ചൗധരിയുടെ ആരോപണം. സംഘ് പരിവാർ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ചൗധരി, അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ മാർട്ടിൻ ലോംഗ്മാന്റെ ലേഖനത്തെയാണ് ഉദ്ധരിച്ചത്.

യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിലാണ് 'ഫാസിസത്തിന്റെ അടയാളങ്ങൾ' രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഉദ്ധരിച്ചു കൊണ്ടുള്ളതായിരുന്നു ലോംഗ്മാന്റെ ലേഖനം. യു.എസ് ഹോളോകോസ്റ്റ് മ്യൂസിയത്തെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് മഹുവയും പ്രസംഗിച്ചത്. മഹുവ തന്റെ ലേഖനത്തിൽ നിന്ന് കോപ്പയടിച്ചിട്ടില്ലെന്ന് മാർട്ടിൻ ലോംഗ്മാൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. വലതുപക്ഷം എല്ലായിടത്തും ഒരേപോലെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.