LiveTV

Live

National

മോദി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധി ഇന്ന് പട്ന കോടതിയില്‍ ഹാജരാകും

ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി

 മോദി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധി ഇന്ന്  പട്ന കോടതിയില്‍ ഹാജരാകും

എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന പ്രസ്താവനക്കെതിരായ കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് പട്ന കോടതിയില്‍ ഹാജരാകും. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. മസ്തിഷ്ക ജ്വര ബാധയെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസഫര്‍പൂരും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന പൊതുപരിപാടിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയാണ് കേസ്. ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും റഫാല്‍ അഴിമതിയില്‍ നരേന്ദ്ര മോദിയെയും കുറിച്ച് പരാമര്‍ശിക്കവെയാണ് എല്ലാ മോദിമാരും കള്ളന്‍മാരായത് എങ്ങിനെയെന്ന് രാഹുല്‍ ചോദിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി സമാന പേരുകാരനായ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി മാനനഷ്ടകേസ് നല്‍കി. കേസ് പരിഗണിച്ച പട്ന ചീഫ് മജിസ്ട്രേറ്റ് കോടതി രാഹുലിനോട് നേരിട്ട് ഹാജരായി മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കോടതി നടപടികള്‍ക്ക് ശേഷം മസ്തിഷ്ക ജ്വര ബാധയെ തുടര്‍ന്ന് 150ല്‍ അധികം കുട്ടികള്‍ മരിച്ച മുസഫര്‍പൂരും രാഹുല്‍ സന്ദര്‍ശിച്ചേക്കും. രാഹുലിന്റെ മുസഫര്‍പൂര്‍ സന്ദര്‍ശനം പ്രതീക്ഷിക്കുന്നതായും അതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയതായും ബിഹാര്‍ പി.സി.സി അറിയിച്ചു.