LiveTV

Live

National

അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തി വാഗ്ദാനം ആവര്‍ത്തിച്ച് മോദി

സ്വന്തം മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി...

അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തി വാഗ്ദാനം ആവര്‍ത്തിച്ച് മോദി

സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പി അംഗത്വ കാമ്പയിന്‍ പരിപാടിയില്‍ നരേന്ദ്രമോദി. രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാകുന്നതോടെ പാവപ്പെട്ടവന്‍ പണക്കാരനാകുമെന്ന് മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് സര്‍ക്കാറിനെ സഹായിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

രാജ്യം അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാകുമെന്നത് എല്ലായിടത്തും അലയടിക്കുകയാണ്. രാജ്യത്തിന്റെ സ്വപ്നം പൂവണിയാന്‍ പോകുന്നത് ഈ ലക്ഷ്യപ്രാപ്തിയിലൂടെയാണ്. പാവപ്പെട്ടവന്‍ പണക്കാരനാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. സ്വന്തം മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി അംഗത്വ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

നിലവില്‍ സ്വാധീനമില്ലാത്ത ന്യൂനപക്ഷ സമുദായങ്ങളെയും പ്രദേശങ്ങളെയും പ്രത്യേകം ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെ അംഗത്വ കാമ്പയിന്‍. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമ അനാഛാദനവും ചെടികള്‍ നട്ടുപിടിപ്പിച്ചും അംഗത്വം നേടാനായി തയ്യാറാക്കിയ ട്രോള്‍ നമ്പര്‍ പുറത്തുവിട്ടുമാണ് കാമ്പയിന്‍ പരിപാടികള്‍ക്ക് മോദി തുടക്കം കുറിച്ചത്. തെലങ്കാനയിലെ ഹൈദരാബാദില്‍ സംഘടിപ്പിച്ച കാമ്പയിന്‍ പരിപാടിയിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ പങ്കെടുത്തത്.