LiveTV

Live

National

കത്വ പീഡനക്കേസില്‍ നീതി ഉറപ്പാക്കാന്‍ യൂത്ത് ലീഗ് ഹെെക്കോടതിയില്‍

‘ദുഷ്കരമായ ദൗത്യമായിരിക്കും എന്ന തിരിച്ചറിവോടെയാണ് ഈ കേസിന്റെ നിയമ സഹായ ദൗത്യം യൂത്ത് ലീഗ് ഏറ്റെടുത്തത്’

കത്വ പീഡനക്കേസില്‍ നീതി ഉറപ്പാക്കാന്‍ യൂത്ത് ലീഗ് ഹെെക്കോടതിയില്‍

കത്വ പീഡനക്കേസിൽ ഇരക്ക് നീതി ഉറപ്പാക്കാൻ മുസ്‍ലിം യൂത്ത് ലീഗ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെയാണ് യൂത്ത് ലീഗ് വീണ്ടും നിയമ പോരാട്ടത്തിനിറങ്ങിയത്. കേസ് വാദം കേൾക്കാനായി 18ലേക്ക് മാറ്റിയ കോടതി, കശ്മീർ സർക്കാറിന് നോട്ടീസയച്ചു.

വിചാരണക്കോടതി വിധി തൃപ്തികരമല്ലന്ന് ചൂണ്ടിക്കാട്ടിയും പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ടും കത്വ കേസിൽ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജമ്മു കശ്മീർ സർക്കാർ ഇതുവരെ അതിന് അനുമതി നൽകിയിട്ടില്ല. ഇതിനിടെയാണ് ശിക്ഷ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇതോടെ പെൺകുട്ടിയുടെ കുടുംബത്തിന് നിയമ പിന്തുണ ആവർത്തിച്ച് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ നേതൃത്വം, പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെത്തുകയായിരുന്നു.

കത്വ പീഡനക്കേസില്‍ നീതി ഉറപ്പാക്കാന്‍ യൂത്ത് ലീഗ് ഹെെക്കോടതിയില്‍

കത്വ നിയമ പോരാട്ടത്തിന്റെ അന്തിമ ഘട്ടം വരെ പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ജാഗ്രതയോടെ നിലയുറപ്പിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ അറിയിച്ചു. ഹൈക്കോടതിയിലും പൂർണ സജ്ജരായ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുഷ്കരമായ ദൗത്യമായിരിക്കും എന്ന തിരിച്ചറിവോടെയാണ് ഈ കേസിന്റെ നിയമ സഹായ ദൗത്യം യൂത്ത് ലീഗ് ഏറ്റെടുത്തത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത ചെയ്ത പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും സി.കെ സുബൈർ പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ എന്നിവരടങ്ങുന്ന നേതൃസംഘവും ചണ്ഡിഗഡിലെത്തിയിരുന്നു.

വരും ദിവസങ്ങളിൽ മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കുമെന്നും പെൺകുട്ടിയുടെ പിതാവിന് വേണ്ടി അപ്പീൽ സമർപ്പിക്കുമെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കി. പെൺകുട്ടിയുടെ പിതാവിന് വേണ്ടി അഭിഭാഷകനായ മുബീൻ ഫാറൂഖിയാണ് യൂത്ത് ലീഗ് ആദ്യ ദിവസം ഹാജരാക്കിയത്. പ്രതികളുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈകോടതി കശ്മീർ സർക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. ഈ മാസം 18 ന് കേസ് വീണ്ടും പരിഗണിക്കും