LiveTV

Live

National

രാജ്യദ്രോഹക്കേസിൽ വൈക്കോക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

2009 ൽ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമർശങ്ങൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു

രാജ്യദ്രോഹക്കേസിൽ വൈക്കോക്ക് ഒരു വര്‍ഷം തടവ് ശിക്ഷ

മറുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം (എം.ഡി.എം .കെ ) നേതാവ് വൈക്കോക്ക് രാജ്യദ്രോഹക്കേസിൽ ഒരു വര്‍ഷം തടവ്. ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ൽ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമർശങ്ങൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു .

''എൽ.ടി.ടി.ഇക്കെതിരെ ശ്രീലങ്കയിൽ നടക്കുന്ന യുദ്ധം നിർത്തിയില്ലെങ്കിൽ ഇന്ത്യ ഒരൊറ്റ രാജ്യമായി അവശേഷിക്കില്ല " എന്നായിരുന്നു പരാമർശം. ‘നാൻ കുറ്റം സാത്ത്‌കിറേൻ ‘ (ഞാൻ കുറ്റം ആരോപിക്കുന്നു) എന്ന തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു വിവാദ പരാമർശം. ഇന്ത്യയുടെ അഖണ്ഡതക്കെതിരെ സംസാരിച്ചുവെന്നതായിരുന്നു വൈക്കോക്കെതിരായ കുറ്റം.

അതേസമയം വൈക്കോക്കെതിരെ അന്ന് കേസ് ഫയൽ ചെയ്ത ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഇന്ന് എം.ഡി.എം.കെ . രാജ്യസഭാ അംഗത്തെ തെരഞ്ഞെടുക്കാനുള്ള അംഗസംഖ്യയൊന്നും എം.ഡി.എം.കെക്കില്ലെങ്കിലും ലോക്സഭാ ഇലക്ഷനിലെ സഖ്യധാരണ പ്രകാരം ഡി.എം.കെ പിന്തുണയോടെ രാജ്യസഭാ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു വൈക്കോ. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ അതിനായുള്ള ഒരുക്കത്തിലായിരുന്നു വൈക്കോ.

ഡി.എം.കെ യിലായിരുന്നപ്പോൾ മൂന്നു തവണ രാജ്യസഭാ അംഗമായിട്ടുള്ള വൈക്കോ രണ്ടു തവണ ലോക്സഭാ അംഗവുമായിട്ടുണ്ട്. മുൻപ് 2002 ൽ നിരോധിത സംഘടനയായ എൽ.ടി.ടി.ഇ യെ പിന്തുണച്ച് പ്രസംഗിച്ചുവെന്ന കുറ്റത്തിന് വൈക്കോയെ ജയലളിത സർക്കാർ തീവ്രവാദ വിരുദ്ധ നിയമമായ പോട്ടക്ക് കീഴിലെ വകുപ്പുകൾ ചാർത്തി വെല്ലൂർ ജയിലിലടക്കുകയുണ്ടായിട്ടുണ്ട്. 2014 ലാണ് ആ കേസ് പിൻവലിച്ചത്.