LiveTV

Live

National

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്യക്ഷമമായ നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റ്

കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബജറ്റില്‍ കൂടുതലെങ്കിലും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബജറ്റിനു കഴിഞ്ഞിട്ടില്ല.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്യക്ഷമമായ നിര്‍ദ്ദേശങ്ങളില്ലാത്ത ബജറ്റ്

മോദി സര്‍ക്കാര്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് എളുപ്പത്തിലുള്ള പോംവഴികള്‍ സാധ്യമല്ലെന്ന് അടിവരയിടുന്നതാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. തൊഴില്‍, കാര്‍ഷിക, വ്യവസായ മേഖലകളിലെ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്ന കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റിലില്ല. പതിവുപോലെ കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് ബജറ്റില്‍ കൂടുതലെങ്കിലും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബജറ്റിനു കഴിഞ്ഞിട്ടില്ല. ഓഹരിസൂചികകള്‍ താഴേക്കാണ് പോയത്.

കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടായ കാലഘട്ടമാണ് ഒന്നാം മോദി സര്‍ക്കാറിന്റേതെന്ന കണക്കുകള്‍ അംഗീകരിച്ചതിനു ശേഷവും തൊഴില്‍ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാനാവശ്യമായ പുതിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. അടുത്തു തന്നെ പ്രഖ്യാപിക്കാനിരിക്കുന്ന തൊഴില്‍നയം സംരംഭകര്‍ക്ക് അനുകൂലമാവുമെന്നും സ്വാഭാവികമായും രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുമെന്നുമാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 100 മേഖലകളിലെ തൊഴിലുകള്‍ക്ക് ബജറ്റ് പുതുതായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ക്രയശേഷി വര്‍ധിപ്പിക്കുക ലക്ഷ്യമിടുന്നുണ്ടെങ്കിലും വായ്പകളാണ് പ്രധാനമായും ഇതിനുള്ള പോംവഴിയായി ബജറ്റ് മുന്നോട്ടു വെക്കുന്നത്.

രാജ്യവും ലോകവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക നിലനില്‍ക്കെ ഇന്ത്യയെ കൂടുതല്‍ താഴേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ ബജറ്റ് സഹായിക്കും. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 3 ട്രില്യണ്‍ സാമ്പത്തിക ശക്തിയാവുമെണ് ബജറ്റ് അവതരിപ്പിക്കവെ നിര്‍മലാ സീതാരാമന്‍ പ്രത്യാശ പ്രകടിപ്പിച്ചത്. എന്നാല്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ ബജറ്റിന് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണ ചെലവിലേക്കായി ഖജനാവില്‍ പണമില്ലെന്ന് സമ്മതിക്കുന്നതാണ് എയര്‍ ഇന്ത്യ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ശക്തമാക്കാനുള്ള നീക്കം. പ്രതിരോധ മേഖലയില്‍ ആഗോള സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ വഴിപ്പെടുന്നതിന്റെ സൂചനകളും ബജറ്റിലുണ്ട്.