LiveTV

Live

National

കൊടും കുറ്റവാളിയെന്ന് പറഞ്ഞ് ജയിലിലടച്ചു; ഇപ്പോള്‍ തെളിവില്ലെന്ന് എന്‍.ഐ.എ

ഐ.എസിന്റെ ഇന്ത്യൻ പതിപ്പ് സ്ഥാപിച്ച് ഇന്ത്യൻ സർക്കാറിനെതിരെ ജിഹാദ് നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കഴിഞ്ഞ മാസം സമർപ്പിച്ച കുറ്റപത്രത്തിൽ എൻ.ഐ.എ ബോധിപ്പിച്ചിരുന്നു.

കൊടും കുറ്റവാളിയെന്ന് പറഞ്ഞ് ജയിലിലടച്ചു; ഇപ്പോള്‍ തെളിവില്ലെന്ന് എന്‍.ഐ.എ

ചെയ്യാത്ത കുറ്റത്തിന് ആറ് മാസം തടവ് ശിക്ഷ അനുഭവിച്ച നാല് പേര്‍ക്ക് ഒടുവില്‍ മോചനം. തീവ്രവാദ കേസിന്റെ പേരില്‍ എന്‍.ഐ.എ പിടികൂടിയവരെയാണ് തെളിവില്ലെന്ന് എന്‍.ഐ.എ തന്നെ കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്ന് വെറുതെ വിട്ടത്.

കഴിഞ്ഞ ഡിസംബർ 26നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ സീലാംപുർ, ചൗഹാൻ ബങ്കർ മേഖലയിൽ തിരച്ചിൽ നടത്തി മുഹമ്മദ് അഅ്സം അടക്കം അഞ്ചുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. യു.പിയിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി മറ്റ് ഒമ്പതുപേരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇവർ ഐ.എസ് ബന്ധമുള്ള ‘ഹർകത്തുൽ ഹർബെ ഇസ്‍ലാം’ എന്ന സംഘടനയുടെ പ്രവർത്തകരാണെന്നായിരുന്നു എൻ.ഐ.എ വെളിപ്പെടുത്തിയത്.

12 പിസ്റ്റളുകൾ, മിസൈൽ വിക്ഷേപണ ഉപഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ, 98 മൊബൈൽ ഫോണുകൾ, 25 കിലോഗ്രാം സ്ഫോടക വസ്തുക്കൾ തുടങ്ങിയവ ഇവരിൽ നിന്ന് കണ്ടെടുത്തതായും അന്വേഷണ ഏജൻസി വ്യക്തമാക്കിയിരുന്നു. ഐ.എസിന്റെ ഇന്ത്യൻ പതിപ്പ് സ്ഥാപിച്ച് ഇന്ത്യൻ സർക്കാറിനെതിരെ ജിഹാദ് നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കഴിഞ്ഞ മാസം സമർപ്പിച്ച കുറ്റപത്രത്തിൽ എൻ.ഐ.എ ബോധിപ്പിക്കുകയും ചെയ്തു.

മുഹമ്മദ് അഅ്സമും സയ്ദ് മാലികും ഉൾപ്പെടെയുള്ളവർക്ക് എതിരെയായിരുന്നു കുറ്റപത്രം. എന്നാൽ, ഇവരെ കുറ്റക്കാരാക്കുന്നതിന് വ്യക്തമായ തെളിവില്ലെന്നു പറഞ്ഞാണ് ഇപ്പോൾ എൻ.ഐ.എ മലക്കം മറിഞ്ഞത്.

തന്നെ സംബന്ധിച്ച് ജയിലിൽ കഴിഞ്ഞ ആറു മാസമെന്നത് ദീർഘമായ കാലയളവാണ്. ജീവിതത്തിൽ നേടിയെടുത്തതെല്ലാം തകർന്നടിഞ്ഞ അവസ്ഥയാണെന്ന് ജയില്‍ മോചിതനായ അഅ്സം പറഞ്ഞു. ആറു വയസ്സായ മകൾ എന്നും ബാപ്പയെ ചോദിക്കും. മരുന്നു ഫാക്ടറിയിൽ ജോലിക്കു പോയതാണെന്ന് കള്ളം പറഞ്ഞാണ് അവളെ ബന്ധുക്കൾ സമാധാനിപ്പിച്ചത്. തിഹാർ ജയിലിൽ അവൾ എന്നെ കാണാൻ വരുമ്പാേൾ അത് താൻ ജോലി ചെയ്യുന്ന ഫാക്ടറിയാണെന്നും മകള്‍ ധരിച്ചുവെന്നും ചൗഹാൻ ബങ്കറിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന മുഹമ്മദ് അഅ്സം പറഞ്ഞു.

വീട്ടിൽ തിരച്ചിൽ നടത്തി മകനെ പിടിച്ചുകൊണ്ടുപോകുേമ്പാൾ ചോദ്യം ചെയ്യാനാണെന്നായിരുന്നു പൊലീസുകാർ പറഞ്ഞതെന്നും അത് ആറു മാസം തടവാകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അഅ്സമിൻെറ പിതാവ് അഹ്‍മദ് പറഞ്ഞു. വീട്ടില്‍ തെരച്ചിലിനായി വന്ന പൊലീസ് ഒന്നും കിട്ടാതെയാണ് അന്ന് മടങ്ങിയത്. അഅ്സം ജയില്‍ മോചിതനായി തിരിച്ച് വരുമെന്ന് അന്നെ തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.