LiveTV

Live

National

മഹുവ മൊയിത്രയുടെ പ്രസംഗം കോപ്പിയടിയെന്ന ബി.ജെ.പി അനുകൂലികളുടെ പ്രചാരണം പൊളിയുന്നു

താനെഴുതിയത് ആരും കോപ്പി അടിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ എല്ലാ രാജ്യത്തും വലതുപക്ഷത്തിന്‍റെ സ്ഥിരം പണിയാണെന്നും ലോങ്മാന്‍

മഹുവ മൊയിത്രയുടെ  പ്രസംഗം കോപ്പിയടിയെന്ന ബി.ജെ.പി അനുകൂലികളുടെ പ്രചാരണം പൊളിയുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്രയുടെ ലോക്സഭയിലെ കന്നി പ്രസംഗം കോപ്പി അടിച്ചതാണെന്ന ബി.ജെ.പി അനുകൂല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ പ്രചാരണം പൊളിയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമേരിക്കന്‍ എഴുത്തുകാരനും കമന്‍റേറ്ററുമായ മാര്‍ട്ടിന്‍ ലോങ്മാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇതോടെ തനിക്കെതിരെ പ്രചാരണം നടത്തിയവരെ കടന്നാക്രമിച്ച് മഹുവ മൊയിത്ര രംഗത്തെത്തി.

ഇന്ത്യയിലെ ഫാസിസത്തിന്‍റെ ഏഴ് അടയാളങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മഹുവ മൊയിത്രയുടെ ലോക്സഭയിലെ കന്നി പ്രസംഗം തംരംഗമായതിന് പിന്നാലെയാണ് ബി.ജെ.പി അനുകൂല ട്രോള്‍ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയാ ഇടങ്ങളിലും പ്രചാരണം ശക്തമായത്. അമേരിക്കന്‍ എഴുത്തുകാരനും കമന്‍റേറ്ററുമായ മാര്‍ട്ടിന്‍ ലോങ്മാന്‍ 2017ല്‍‌ എഴുതിയ ലേഖനം കോപ്പിയടിച്ചാണ് മൊയിത്ര പ്രസംഗിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ താനെഴുതിയത് ആരും കോപ്പി അടിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ എല്ലാ രാജ്യത്തും വലതുപക്ഷത്തിന്‍റെ സ്ഥിരം പണിയാണെന്നും ലോങ്മാന്‍ തന്നെ ട്വിറ്ററില്‍ കുറിക്കുകയായിരുന്നു. ഇതോടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവരെ ചോദ്യം ചെയ്ത് മഹുവ രംഗത്തെത്തി.

വ്യാജ വാര്‍ത്ത നല്‍കിയ ഹിന്ദി മാധ്യമങ്ങളെയും മഹുവ കണക്കിന് കുറ്റപ്പെടുത്തി. തന്‍റെ പ്രസംഗത്തിലെ വാക്കുകള്‍ ഹൃദയത്തില്‍ നിന്നുള്ളതാണെന്നും പ്രസംഗം പങ്കുവച്ചവരെല്ലാവരും അവരുടെ ഹൃദയം കൊണ്ടാണ് അത് ചെയ്തതെന്നും എം.പി നേരത്തെ തന്നെ പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.