LiveTV

Live

National

ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമം ആവശ്യപ്പെട്ട് മലേഗാവിൽ മുസ്ലിംകളുടെ കൂറ്റൻ റാലി

ആൾക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നവർ ജയ് ശ്രീറാം വിളിച്ചു തങ്ങളുടെ നിസ്സഹായത കാണിക്കരുതെന്നും സത്യസാക്ഷ്യവാചകം (ശഹാദത്ത് കലിമ) ചൊല്ലി മരിക്കണമെന്ന് പണ്ഡിതർ  ആഹ്വാനം ചെയ്യുകയും ചെയ്തു

ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമം ആവശ്യപ്പെട്ട് മലേഗാവിൽ മുസ്ലിംകളുടെ കൂറ്റൻ റാലി

ആൾക്കൂട്ട ആക്രമണത്തിനെതിരെ നിയമനിർമാണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാലേഗാവിൽ മുസ്ലിംകളുടെ കൂറ്റൻ റാലി. തിങ്കളാഴ്ച ജംഇയ്യത്തുൽ ഉലമയാണ് റാലി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാർ ഏഴ്
സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിക്കൊന്ന സ്മാരകമായ ‘ശഹീദോംകി യാദ്ഗാറി’ൽ ലക്ഷത്തിലേറെ പേർ ഒത്തുകൂടി.

തബ്രിസ് അൻസാരി സംഭവത്തോടെ ആൾക്കൂട്ട ആക്രമണ വിരുദ്ധ നിയമം ആവശ്യപ്പെട്ട് രംഗത്തിറങ്ങുകയായിരുന്നുവെന്ന്
സംഘാടകർ പറഞ്ഞു. ആൾക്കൂട്ട ആക്രമണ കേസുകളിൽ ഭരണഘടന ചുമതലകൾ മുറപ്രകാരം നിർവഹിക്കാൻ എല്ലാ സംസ്ഥാന സർക്കാറുകൾക്കും രാഷ്ട്രപതി നിർദേശം നൽകണമെന്ന്ആവശ്യപ്പെട്ടുള്ള കത്തും മഹാരാഷ്ട്ര സർക്കാരിന് കൈമാറി. ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയമായവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും കൂട്ടത്തിലുണ്ട് .

റാലിയിൽ അഭിസംബോധന ചെയ്ത സംസാരിച്ചവർ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നവർ ജയ് ശ്രീറാം വിളിച്ചു തങ്ങളുടെ നിസ്സഹായത കാണിക്കരുതെന്നും സത്യസാക്ഷ്യവാചകം (ശഹാദത്ത് കലിമ) ചൊല്ലി മരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ഈ സന്ദേശം മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കണമെന്ന് ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഇത് ചരിത്രസമരമാണെന്നും അടിച്ചമർത്തലുകളെ മുസ്ലിംകൾ അധികകാലം പൊറുപ്പിക്കില്ലെന്ന് രാജ്യത്തോട് വിളിച്ചു പറയുകയാണെന്നും റാലിയെ അഭിസംബോധന ചെയ്ത് മുസ്ലിം പേഴ്സനൽ ലോ ബോർഡ്സെക്രട്ടറി മൗലാന ഉംറെയിൻ മഹ്ഫൗസ് റഹ്മാനി പറഞ്ഞു. ആൾക്കൂട്ട ആക്രമണ കൊലകൾ ആസൂത്രിത നീക്കവും ഭരണകൂട ഭീകരതയുമാണെന്ന് ആരോപിച്ച അദ്ദേഹം ഇതിനെ ചെറുക്കേണ്ടത് എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേർത്തു. വരുന്ന വെള്ളിയാഴ്ച ഒരു റാലി കൂടി സംഘടിപ്പിക്കാൻ മുസ്ലിം പണ്ഡിതരുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. അതിനായി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്.