LiveTV

Live

National

കസാഖിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം

കസാഖിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം

കസാഖിസ്ഥാനില്‍ പരിക്കേറ്റ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്ന് വിദേശകാര്യമന്ത്രാലയം. ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് നാട്ടുകാരായ തൊഴിലാളികളും അറബ് വംശജരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റത്.

സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റ വാര്‍ത്തകള്‍ വന്നതോടെ വിദേശകാര്യ മന്ത്രാലയം കസാഖിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്ക് ജാഗ്രത നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് എംബസി ഇവരെ രക്ഷിക്കാനാവശ്യമായ നടപടികളാരംഭിച്ചു. ‌അടിയന്തര സഹായത്തിനായി പ്രത്യേക ഹെല്പ് ലൈന്‍ നന്പര്‍ ഏര്‍പ്പാടാക്കി. മലയാളിയടക്കം 150 ല്‍ അധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാല്‍ പരിക്കേറ്റവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണെന്നും ഇവരെ ഇന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലീവ് എടുക്കാന്‍ ബാക്കിയുള്ള ജോലിക്കാരെ കന്പനിയുമായി ധാരണയുണ്ടാക്കി നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കസാഖിസ്ഥാനിലെ തെങ്കിസ് എണ്ണപ്പാടത്താണ് ഇന്നലെ നാട്ടുകാരായ തൊഴിലാളികളും അറബ് വംശജരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒരു ലബനാന്‍ പൌരന്‍ കൂടെ ജോലി ചെയ്യുന്ന സ്ത്രീയോടൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതായിരുന്നു പ്രകോപനം. ലബനാന്‍ പൌരന്മാര്‍ക്ക് നേരെയാണ് ആക്രമണം തുടങ്ങിയെങ്കിലും ‌ഇവിടെ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരും ആക്രമണത്തിന് ഇരയായി. വിഷയത്തിലിടപെട്ട വിദേശ കാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.