LiveTV

Live

National

ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ; പൂനെയില്‍ മതിലിടിഞ്ഞ് 15 മരണം

നാല് കുട്ടികൾ അടക്കം 15 പേർ അപകടത്തിൽ മരിച്ചു

ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ; പൂനെയില്‍ മതിലിടിഞ്ഞ് 15 മരണം

കനത്ത മഴക്കിടെ പൂനെയില്‍ മതില്‍ തകര്‍ന്ന് പതിനഞ്ച് പേര്‍ മരിക്കാനിടയായ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുകയാണ്. മുംബൈ അടക്കമുള്ള ഇടങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.

പൂനെയിൽ ഇന്നലെ രാത്രിയോടെയാണ് കെട്ടിട നിർമ്മാണ സ്ഥലത്തുണ്ടായിരുന്ന സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നത്. തൊഴിലാളികൾക്കായി കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡിന് പുറത്തേക്ക് ഭിത്തി തകർന്നുവീഴുകയായിരുന്നു. നാല് കുട്ടികൾ അടക്കം 15 പേർ അപകടത്തിൽ മരിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

മുംബൈ നഗരത്തിലെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒഡീഷയില്‍ മത്സ്യബന്ധനത്തൊഴിലാളികളോട് ജൂലൈ രണ്ട് വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്