LiveTV

Live

National

കശ്മീരിന്‍റെ മൂന്നിലൊന്ന് ഇന്ത്യക്ക് നഷ്ടപ്പെട്ടത് നെഹ്റുവിന്‍റെ തെറ്റായ നയം മൂലമെന്ന് അമിത് ഷാ; ആരോപണത്തിനെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം

ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള പ്രമേയവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയില്‍‍ അവതരിപ്പിച്ചു.

കശ്മീരിന്‍റെ മൂന്നിലൊന്ന് ഇന്ത്യക്ക് നഷ്ടപ്പെട്ടത് നെഹ്റുവിന്‍റെ തെറ്റായ നയം മൂലമെന്ന് അമിത് ഷാ; ആരോപണത്തിനെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം

കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നയമാണ് കശ്മീരിന്‍റെ മൂന്നിലൊന്നു ഇന്ത്യക്ക് നഷ്ടപ്പെടുത്തിയതെന്ന് അമിത്ഷാ ആരോപിച്ചു. അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ സഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നു. ജമ്മു കശ്മീരിലെ രാഷട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടാനുള്ള പ്രമേയം, കശ്മീര്‍ സംവരണ ഭേദഗതി ബില്‍ എന്നിവയിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

കശ്മീരിലെ മൂന്നിലൊരു ഭാഗം ഇന്ത്യക്ക് നഷ്ടപ്പെടുത്തിയത് നെഹ്റുവിന്‍റെ തെറ്റായ നയമാണ്. കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനുമായി നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.കശ്മീരിലെ ജനാധിപത്യ പ്രക്രിയയെ കോണ്‍ഗ്രസ് തകര്‍ത്തപ്പോള്‍ വാജ്പേയ് സര്‍ക്കാറിന്‍റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പുനസ്ഥാപിച്ചതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നെഹ്റുവിനെതിരെയും കോണ്‍ഗ്രസിനെതിരെയും അമിത് ഷാ കടുത്ത ആരോപണങ്ങളുന്നയിച്ചതോടെ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

രാഷ്ട്രപതി ഭരണം നീട്ടാനുള്ള തീരുമാനം രാഷ്ട്രീയ ലാഭം ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തില്ലാത്ത സുരക്ഷ പ്രശ്നങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ന്ന് വരുന്നത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു . ബി.ജെ.പിക്ക് അനുകൂലമായി നിയമസഭ മണ്ഡലങ്ങള്‍ പുനക്രമീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.

എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദമാണെന്നുമായിരുന്നു അമിത് ഷായുടെ മറുപടി. അമര്‍നാഥ് യാത്രക്ക് കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കശ്മീരികളുടെ വിശ്വാസം കൂടുതല്‍ ഉറപ്പാക്കുന്നതിനായാണ് ആറ് മാസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ലോക്സഭ അംഗീകരിച്ചു. അന്താരാഷ്ട്ര അതിര്‍ത്തി ഗ്രാമത്തിലുള്ളവര്‍ക്ക് സംവരണം നല്‍കുന്ന ജമ്മുകശ്മീര്‍ സംവരണ ഭേദഗതി ബില്ലും ലോക്സഭ പാസാക്കി.