LiveTV

Live

National

കയ്യേറ്റം തടയാനെത്തിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറെ ബി.ജെ.പി എം.എല്‍.എ ആക്രമിച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകന്‍ കൂടിയാണ് എം.എല്‍.എ ആയ ആകാശ്.

കയ്യേറ്റം തടയാനെത്തിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറെ ബി.ജെ.പി എം.എല്‍.എ ആക്രമിച്ചു

മധ്യപ്രദേശ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറെ ബി.ജെ.പി എം.എല്‍.എ ആക്രമിച്ചു. കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാനെത്തിയെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറെയാണ് മധ്യപ്രദേശ് എം.എല്‍.എ ആകാശ് വിജയവര്‍ഗിയ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ വര്‍ഗിയയുടെ മകന്‍ കൂടിയാണ് എം.എല്‍.എ ആയ ആകാശ്. അറസ്റ്റിലായ ആകാശിനെ കോടതിയില്‍ ഹാജരാക്കി.

ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാഞ്ചി മൈതാനത്തെ കയ്യേറ്റം ഒഴിപ്പിക്കാനായിരുന്നു മുന്‍സിപ്പര്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ സംഘം പ്രദേശത്തെത്തിയത്. തൊട്ട് പിന്നാലെ, ഉദ്യോഗസ്ഥ സംഘം പ്രദേശത്തുനിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ ആകാഷ് വിജയ് വര്‍ഗിയയും ഏതാനും ആളുകളും എത്തി.

വാക്കേറ്റം ശക്തമായതോടെ ആകാഷും ഒപ്പമുള്ളവരും ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസും മാധ്യമങ്ങളും പ്രദേശവാസികളും നോക്കിനില്‍ക്കെയായിരുന്നു സംഭവം. തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നത്.

പ്രദേശത്തെ ജനവും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പല തവണ സംസാരിച്ചിട്ടും ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ലെന്നും ആകാശ് വിശദീകരിച്ചു. ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണിതെന്നും പ്രതിനിധികളെ നിയന്ത്രിക്കാന്‍ പോലും ബി.ജെ.പിക്ക് ആകുന്നില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.