LiveTV

Live

National

കര്‍ണാടകയിലെ പുത്തൂരില്‍ കേരള ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്; സർവീസ് താൽക്കാലികമായി നിർത്തി വെച്ചു

അതിര്‍ത്തിയായ അടുക്കസ്ഥല വരെ മാത്രമാണ് നിലവിൽ സര്‍വീസ് നടത്തുന്നത്

കര്‍ണാടകയിലെ പുത്തൂരില്‍ കേരള ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്; സർവീസ് താൽക്കാലികമായി നിർത്തി വെച്ചു

കര്‍ണാടകയിലെ പുത്തൂരില്‍ കേരള ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ്. കാസര്‍കോട് നിന്നും സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഇതേ തുടര്‍ന്ന് കാസര്‍കോട് നിന്നുള്ള ബസുകള്‍ പുത്തൂർ വഴിയുള്ള സർവീസ് താൽക്കാലികമായി നിർത്തി വെച്ചു. അതിര്‍ത്തിയായ അടുക്കസ്ഥല വരെ മാത്രമാണ് നിലവിൽ സര്‍വീസ് നടത്തുന്നത്

രാവിലെ കാസര്‍കോട് നിന്നും സര്‍വീസ് ആരംഭിച്ച ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ക്ക് നേരെ പൂത്തൂര്‍ ഊര്‍മജലില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. ബൈക്കുകളിലെത്തിയ സംഘം കല്ലെറിഞ്ഞ് കടന്നു കളയുകയായിരുന്നു. കല്ലേറില്‍ ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ചില്ല് തുളഞ്ഞു കയറി കേരള ആര്‍.ടി.സി ഡ്രൈവര്‍ സുരേഷ് കുമാറിന് പരുക്കേറ്റു. തുടര്‍ന്ന് കര്‍ണാടക വിട്‌ള പോലീസ് സ്ഥലത്തെത്തി. പോലീസ് നിര്‍ദ്ദേശ പ്രകാരമാണ് കേരള ബസുകള്‍ താൽക്കാലികമായി സർവീസ് നിർത്തി വെച്ചത്.

ഇതിനിടെ കര്‍ണാടക ആര്‍.ടി.സിയുടെ ബസിന് നേരെയും പുത്തൂരില്‍ കല്ലേറുണ്ടായി. പോലീസെത്തി ബസുകള്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഞ്ചനടുക്കത്ത് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് ബസുകള്‍ക്ക് നേരെ അക്രമമുണ്ടായതെന്നാണ് സൂചന.