LiveTV

Live

National

അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെ സുരക്ഷയെ ബാധിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി

അശോക് ലവാസയുടെ വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസയുടെ വിയോജന കുറിപ്പ് പുറത്ത് വിടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിയോജന കുറിപ്പ് പുറത്ത് വിട്ടാല്‍ ലവാസയുടെ ജീവന് ഭീഷണിയുണ്ടായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോക്സഭ തെരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി , ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ നടത്തിയ വിവാദ പ്രസംഗങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെതിരെയായിരുന്നു അശോക് ലവാസയുടെ വിയോജിപ്പ്.

പൂനൈ സ്വദേശി വിഹാര്‍ ദുര്‍വേ വിവരാവകാശ പ്രകാരം അശോക് ലവാസയുടെ വിയോജനകുറിപ്പ് ആവശ്യപ്പെട്ടതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് നല്‍കിയ ക്ലീന്‍ ചിറ്റിനെതിരെ ലവാസ നല്‍കിയ വിയോജനകുറിപ്പ് പുറത്ത് വിട്ടാല്‍ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് കമ്മീഷന്‍ അറിയിച്ചു . വിവരാവകാശ ചട്ടം എട്ടിന്റെ പിന്‍ബലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്. ലവാസ വിയോജിച്ചിരുന്നുവെങ്കിലും മുഖ്യ തെര‍ഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണറായ സുശീല്‍ ചന്ദ്ര എന്നിവരുടെ ഭൂരിപക്ഷ അഭിപ്രായത്തില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുകകയായിരുന്നു. തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്നത് അംഗീകരിക്കാത്തതോടെ അശോക ലവാസ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. പിന്നീട് വിയോജനകുറിപ്പ് രേഖകളില്‍ ചേര്‍ത്തുവെങ്കിലും പുറത്ത് വന്ന ഉത്തരവിന്റെ ഭാഗമായില്ല. മോദി നടത്തിയ വര്‍ദ, ലാത്തൂര്‍, പടണ്‍, ബാര്‍മര്‍, വരാണാസി എന്നിവിടങ്ങളില്‍ നടത്തിയ വിവാദ പ്രസംഗങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയാണ് അശോക് ലവാസ വിയോജനകുറിപ്പ് രേഖപ്പെടുത്തിയത്.

Also read: മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ നിലപാടിലുറച്ച് ലവാസ