LiveTV

Live

National

കാലാവധി കഴിയാന്‍ 6 മാസം ബാക്കി നില്‍ക്കെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാജി വെച്ചു 

നേരത്തെ ആര്‍.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ വിരാല്‍.വി.ആചാര്യ വിമര്‍ശം ഉന്നയിച്ചിരുന്നു

കാലാവധി കഴിയാന്‍ 6 മാസം ബാക്കി നില്‍ക്കെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ രാജി വെച്ചു 

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍.വി.ആചാര്യ രാജി വെച്ചു. കാലാവധി അവസാനിക്കാന്‍ ആറ് മാസം ബാക്കി നില്‍ക്കുമ്പോഴാണ് രാജി. റിസര്‍വ് ബാങ്കിന്‍റെ സ്വതന്ത്ര നിലനില്‍പ്പില്‍ സര്‍ക്കാരിന്‍റെ ഇടപെടലിനെ ആചാര്യ വിമര്‍ശിച്ചിരുന്നു..

ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന് നിലയിലായത് അടക്കം സമ്പദ്‍രംഗം പ്രതികൂലമായ പല സാഹചര്യങ്ങളും നേരിടുമ്പോഴാണ് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറുടെ രാജി. കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ ഇടപെടലുകള്‍ നടത്തുന്നതിനെതിരെ പലപ്പോഴും പരസ്യമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളയാളാണ് വിരാല്‍ ആചാര്യ. സമാനമായ സാഹചര്യത്തില്‍ നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണായിരുന്ന ഊര്‍ജ്ജിത് പട്ടേലും കാലവാധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജി വെച്ചിരുന്നു.

റിപ്പോ നിരക്ക് കുറച്ച് സമ്പദ്രംഗത്ത് വളര്‍ച്ചക്ക് വഴിയൊരുക്കണമെന്ന നിലപാട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് സ്വീകരിച്ചപ്പോള്‍ അത് നാണ്യപെരുപ്പത്തിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ആര്‍.ബി.ഐ യോഗത്തില്‍ വിരാല്‍ ആചാര്യ സ്വീകരിച്ചത്. എങ്കിലും മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് കുറക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇത്തരം ഇടപെടലുകള്‍ എല്ലാം സമ്പദ് രംഗത്തിന്‍റെ തകര്‍ച്ചയിലേക്ക് വഴിവെക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പരസ്യമായ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രണ്ടാം മോദി സര്‍ക്കാരും സാമ്പത്തികരംഗത്തെ ദ്രോഹിക്കുന്ന നടപടി തുടരുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ബി.ജെ.പി വാഴ്ചക്ക് നേരെ സത്യത്തിന്‍റെ കണ്ണാടി തിരിച്ച വിദഗ്ധരുടെ പട്ടികയിലേക്ക് വിരാല്‍ ആചാര്യയുടെ പേരും ചേര്‍ക്കപ്പെട്ടു‌വെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. ‌രാജിയോടെ താന്‍ പ്രൊഫസറായിരുന്ന ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലേക്ക് വിരാല്‍ ആചാര്യ തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.