LiveTV

Live

National

എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു; ആള്‍ക്കൂട്ട കൊലപാതകം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

നിങ്ങള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ഹിന്ദുക്കളും മുസ്‍ലിംകളും ദലിതരും സിഖുകാരും ക്രൈസ്തവരും പരസ്പരം സഹവർത്തിത്തോടെ ജീവിച്ച ഇന്ത്യയെ തിരിച്ചു തരണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും കൊല്ലപ്പെടുന്നു; ആള്‍ക്കൂട്ട കൊലപാതകം രാജ്യസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ജാര്‍ഖണ്ഡിലെ ആള്‍കൂട്ട കൊലപാതകം രാജ്യസഭയിലുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജയ് ശ്രീറാം വിളിപ്പിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ മുസ്‍ലിം യുവാവിനെ അടിച്ചുകൊലപ്പെടുത്തി‌യത് വാര്‍ത്തയായ സാഹചര്യത്തിലാണ് വിഷയം പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിലുന്നയിച്ചത്. ജാര്‍ഖണ്ഡ് അക്രമങ്ങളുടെയും ആള്‍കൂട്ട കൊലപാതകങ്ങളുടെയും ഫാക്ടറിയായി മാറി. എല്ലാ ആഴ്ചയും മുസ്‍ലിംകളും ദലിതുകളും ‌രാജ്യത്ത് ‌കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് വിമര്‍‍ശിച്ചു.

രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സർക്കാറിനെതിരെ ആഞ്ഞടിച്ചത്. സബ്കാ സാത്, സബ്കാ വികാസ് നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണം. നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ഹിന്ദുക്കളും മുസ്‍ലിംകളും ദലിതരും സിഖുകാരും ക്രൈസ്തവരും പരസ്പരം സഹവർത്തിത്തോടെ ജീവിച്ച ഇന്ത്യയെ തിരിച്ചു തരണമെന്നും പ്രതിപക്ഷ നേതാവ് രാജ്യസഭയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഗുലാം നബിയുടെ വിമര്‍ശനം.

ബൈക്ക് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് 22 വയസുകാരന്‍ തബ്രിസ് അന്‍സാരിയെ തല്ലിക്കൊന്നത്. കഴിഞ്ഞ 18നായിരുന്നു സംഭവം. ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. തൂണില്‍ കെട്ടിയിട്ട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബോധരഹിതനായ ശേഷം പൊലീസ് സ്റ്റേഷനിലും മര്‍ദ്ദനം തുടര്‍ന്നതായും ലാത്തിയുടെ പാടുകള്‍ ദേഹത്തുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. നില അതീവ ഗുരുതരമായ ശേഷമാണ് പൊലീസ് സദര്‍ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചു.