LiveTV

Live

National

ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ യുവാവ് മരിച്ചു

പൊലീസ് സ്റ്റേഷനിലും മര്‍ദ്ദനം തുടര്‍ന്നതായും ലാത്തി പാടുകള്‍ ദേഹത്തുണ്ടെന്നും നില അതീവ ഗുരുതരമായ ശേഷമാണ് പൊലീസ് സദര്‍ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചു

ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായ യുവാവ് മരിച്ചു

ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് മരിച്ചു. 22 വയസ്സുള്ള തബ്രിസ് അന്‍സാരിയാണ് മരിച്ചത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇയാളെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദനത്തിനിടെ ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അന്‍സാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മരത്തിന്റെ വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ മോഷ്ടാവാണെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ വാദം. കഴിഞ്ഞ 18ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്ന് സെരായ്കേലയിലേക്ക് പോവുകയായിരുന്നു തബ്രിസ് അന്‍സാരിയും സുഹൃത്തുക്കളും. ധത്കിദ് ഗ്രാമത്തിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടം തടഞ്ഞു. ഗ്രാമത്തില്‍ നിന്ന് കാണാതായ ബെക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം ആരംഭിച്ചു. തൂണില്‍ കെട്ടിയിട്ടു. ഓരോ തവണ മര്‍ദിക്കുമ്പോഴും ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു.

ബോധരഹിതനായതോടെ പിറ്റേന്ന് പൊലീസിന് കൈമാറി. പൊലീസ് സ്റ്റേഷനിലും മര്‍ദ്ദനം തുടര്‍ന്നതായും ലാത്തി പാടുകള്‍ ദേഹത്തുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. നില അതീവ ഗുരുതരമായ ശേഷമാണ് പൊലീസ് സദര്‍ ആശുപത്രിയിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചു.

പപ്പു മണ്ഡല്‍ എന്നൊരാളെ അറസ്റ്റ് ചെയ്തെന്നും കേസ് അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസിന്റെ പ്രതികരണം. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.