LiveTV

Live

National

ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണം, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയർത്തണം; ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

പുതിയ കേസുകള്‍ ദിനം പ്രതി ഫയല്‍ ചെയ്യപ്പെടുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നും അടിയന്തര നീക്കം ആവശ്യമാണെന്നും കത്തില്‍ പറയുന്നു.

 ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണം, ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയർത്തണം; ആവശ്യങ്ങളുമായി പ്രധാനമന്ത്രിക്ക് ചീഫ് ജസ്റ്റിസിന്റെ കത്ത്

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നും കത്തില്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ മാത്രം അമ്പത്തി എട്ടായിരത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായും കത്തില്‍ പറയുന്നു.

മൂന്ന് കത്തുകളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചത്. സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യമായ ജഡ്ജിമാരില്ലാത്തതിനാല്‍ ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിന് തടസ്സം നേരിടുന്നു. സുപ്രീംകോടതിയില്‍ മാത്രം 58,669 കേസുകള്‍ കെട്ടിക്കിടക്കുന്നു.

ജഡ്ജിമാരുടെ എണ്ണം 1988ല്‍ 18 ല്‍ നിന്ന് 26ആയും 2009ല്‍ 31ആയും ഉയര്‍ത്തിയതുപോലെ വീണ്ടും ഉയര്‍ത്തുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണം. ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 62ല്‍ നിന്ന് 65 ആക്കണം. വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിരമിച്ച സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സേവനം വിനിയോഗിക്കാനാകണം എന്നിങ്ങനെയാണ് കത്തുകളിലെ ആവശ്യങ്ങള്‍. പുതിയ കേസുകള്‍ ദിനം പ്രതി ഫയല്‍ ചെയ്യപ്പെടുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നും അടിയന്തര നീക്കം ആവശ്യമാണെന്നും കത്തില്‍ പറയുന്നു.