LiveTV

Live

National

അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ മാറ്റുകള്‍ ‘അടിച്ചുമാറ്റി’ ‘അഭ്യാസികള്‍‘

മാറ്റുകൾ എടുത്ത് കൊണ്ട് പോകുന്നവരെ തടയാൻ ശ്രമിച്ച വൊളന്ററിയർമാരുമായി ആളുകൾ വാഗ്വാദത്തിലേർപ്പെടുന്നതും വീഡിയോവിലുണ്ട്

അമിത് ഷാ പങ്കെടുത്ത യോഗ പരിപാടിക്കിടെ മാറ്റുകള്‍ ‘അടിച്ചുമാറ്റി’ ‘അഭ്യാസികള്‍‘

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ മോഷ്ടിക്കപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വി.ഐ.പി ഗസ്റ്റുകള്‍ക്ക് വേണ്ടി മാറ്റിവെച്ച ചൈനീസ് നിര്‍മ്മിത മാറ്റുകള്‍ എടുത്ത് കൊണ്ട് പോയത്.

മാറ്റ് എടുക്കാനായി ആളുകള്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ എ.എൻ.ഐ പുറത്തു വിട്ടു . മാറ്റുകൾ എടുത്ത് കൊണ്ട് പോകുന്നവരെ തടയാൻ ശ്രമിച്ച വൊളന്ററിയർമാരുമായി ആളുകൾ വാഗ്വാദത്തിലേർപ്പെടുന്നതും വീഡിയോവിലുണ്ട്. ചടങ്ങില്‍ രണ്ടുതരം മാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ആളുകള്‍ക്ക് ഖാദി കൊണ്ടുണ്ടാക്കിയ മാറ്റുകളും വി.ഐ.പി വിഭാഗത്തില്‍ മെയ്ഡ് ഇന്‍ ചൈന മാറ്റുകളുമാണ് ഉപയോഗിച്ചത്.

അമിത് ഷായ്‌ക്കൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും റോത്തക്കില്‍ നടന്ന യോഗാ ദിനാചരണത്തില്‍ പങ്കെടുത്തിരുന്നു. യോഗയെ ആഗോള തലത്തിൽ ജനകീയവൽക്കരിക്കാനുള്ള പരിശ്രമങ്ങളുടെ പേരിൽ അമിത് ഷാ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. യോഗയെ പറ്റിയുള്ള അറിവ് ലോകത്തെ മൊത്തം ജനങളുടെയും ക്ഷേമത്തിന് വേണ്ടിയാണെന്നും എല്ലാവരുമിപ്പോൾ യോഗയെ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് ആഗോള പ്രീതി നൽകിയതെന്നും അതിനദ്ദേഹത്തിനു നന്ദി അറിയിക്കുന്നുവെന്നും പരിപാടിക്ക് ശേഷം ഷാ ട്വീറ്റ് ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇന്നലെ രാവിലെ റാഞ്ചിയിൽ ഒരു പരിപാടിയിൽ യോഗ ചെയ്തിരുന്നു.