LiveTV

Live

National

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

മുസ്‍ലിം സ്ത്രീകളെ ശാക്തീകരിക്കാനും നീതി നല്‍കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് 

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മുത്തലാഖ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

പ്രതിപക്ഷ ബഹളത്തിനിടെ മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനയും കീഴ്‌വഴക്കവും ഉന്നയിച്ച് പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചെങ്കിലും സ്പീക്കര്‍ അനുമതി നല്‍കി. പ്രതിപക്ഷം ആവശ്യപ്പെട്ട വോട്ടെടുപ്പില്‍ 74നെതിരെ 186 അംഗങ്ങള്‍ ബില്‍ അവതരണത്തെ അനുകൂലിച്ചു.

വീണ്ടും അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ആദ്യം സഭയില്‍ കൊണ്ടുവന്നത് മുത്തലാഖ് ബില്ലാണ്. മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ള നിയമമാണിതെന്നും വിവാഹ ശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബാധകമായ നിയമമാണ് വേണ്ടതെന്നും ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

സിവില്‍ നിയമങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി ബി.ജെ.പി ക്രിമിനല്‍വല്‍ക്കരിക്കുകയാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിലുള്ള അമിതാവേശം എന്തുകൊണ്ട് ശബരിമലയിലെ ഹിന്ദു സ്ത്രീകള്‍ക്ക് വേണ്ടി ഉണ്ടാകുന്നില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.

മതപരമായ നിയമനിര്‍മ്മാണമല്ലെന്നും നീതിക്ക് വേണ്ടിയുള്ള നിയമമാണെന്നും രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി. മുസ്‍ലിംകളെ മുഖ്യശത്രുവാക്കി രാഷ്ട്രീയ മുതലെടുപ്പാണ് മുത്തലാഖ് ബില്ലിലൂടെ ബി.ജെ.പി നടത്തുന്നതെന്ന് മുസ്‍ലിം ലീഗ് പ്രതികരിച്ചു. 2017ല്‍ ആദ്യം കൊണ്ടുവന്ന മുസ്‌ലിം സ്ത്രീ സംരക്ഷണ നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തിയതാണ് പുതിയ മുത്തലാഖ് ബില്‍.