LiveTV

Live

National

‘വേട്ടയാടാന്‍ തുടങ്ങിയത് മോദിക്കെതിരായ തെളിവുകള്‍ കൈമാറിയതോടെ’; പ്രഭുദാസിന് മര്‍ദനമേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ശ്വേത സഞ്ജീവ് ഭട്ട്

“രാജ്യം ഇരുണ്ടകാലത്തേക്കാണ് പോകുന്നത്. നീതി നിഷേധിക്കുക മാത്രമല്ല ഉണ്ടായത്, തന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്ത ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്”

‘വേട്ടയാടാന്‍ തുടങ്ങിയത് മോദിക്കെതിരായ തെളിവുകള്‍ കൈമാറിയതോടെ’; പ്രഭുദാസിന് മര്‍ദനമേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്  പുറത്തുവിട്ട് ശ്വേത സഞ്ജീവ് ഭട്ട്

നീതിക്കായി അവസാനശ്വാസം വരെ പൊരുതുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. രാജ്യം ഇരുണ്ടകാലത്തേക്കാണ് പോകുന്നത്. നീതി നിഷേധിക്കുക മാത്രമല്ല ഉണ്ടായത്, തന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്ത ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്ന പ്രഭുദാസിന്റെ ശരീരത്തില്‍ ഒരു തരത്തിലുമുള്ള മുറിവോ ചതവോ ഇല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയതാണ്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറിയതോടെയാണ് ഭരണകൂടം സഞ്ജീവ് ഭട്ടിനെ ലക്ഷ്യം വെച്ചത്. രാഷ്ട്രീയ പകപോക്കലിന് ഇതിലും നല്ല ഒരുദാഹരണമില്ലെന്നും വിധി പരിശോധിച്ച് നിയമ പോരാട്ടം തുടരുമെന്നും ശ്വേത സഞ്ജീവ് ഭട്ട് വ്യക്തമാക്കി.

‘വേട്ടയാടാന്‍ തുടങ്ങിയത് മോദിക്കെതിരായ തെളിവുകള്‍ കൈമാറിയതോടെ’; പ്രഭുദാസിന് മര്‍ദനമേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്  പുറത്തുവിട്ട് ശ്വേത സഞ്ജീവ് ഭട്ട്

ശ്വേത സഞ്ജീവ് ഭട്ടിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ചെയ്യാത്ത കുറ്റത്തിനാണ് ഇന്ന് സെഷന്‍സ് കോടതി സഞ്ജീവിനെ ജീവപര്യന്തം ശിക്ഷിച്ചത്. സഞ്ജീവിനെ പിന്തുണച്ച നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് ആശ്വാസവും ധൈര്യം നല്‍കുന്നതുമാണ്. പക്ഷേ, പ്രവൃത്തിയില്‍ എത്താത്ത വാക്കുകള്‍ക്ക് വലിയ വിലയില്ല. രാജ്യത്തെ സേവിച്ചതിന് നീതിയുടെ അസംബന്ധ നാടകത്തിന് ഇരയാകേണ്ടി വന്ന ആ മനുഷ്യനെ ഈ വിധിക്ക് വിട്ടുകൊടുത്താല്‍ നിങ്ങളുടെ പിന്തുണ വ്യര്‍ത്ഥമാണ്.

ഐ.പി.എസ് അസോസിയേഷനോട്.. നിങ്ങളില്‍ ഒരാളാണ് സത്യസന്ധനായ ഐ.പി.എസുകാരനായതിന്റെ പേരില്‍ പകപോക്കലിനിരയായിട്ടുള്ളത്. നിങ്ങള്‍ അദ്ദേഹത്തിന്‍റെ കൂടെ നിന്നില്ല, സംരക്ഷിച്ചില്ല. പകവീട്ടുന്ന ഭരണകൂടത്തിനെതിരെ അദ്ദേഹം എന്നിട്ടും പോരാടിക്കൊണ്ടിരുന്നു. നിങ്ങളിനിയും നിശബ്ദരായി തുടരുമോയെന്നാണ് എന്‍റെ ചോദ്യം. ഇരുണ്ട ഒരു കാലത്തിലൂടെയാണ് രാജ്യം പോകുന്നത്. ഞങ്ങള്‍ അവസാന ശ്വാസം വരെ പൊരുതും. ഞങ്ങളൊറ്റക്കാണോ ഈ പോരാട്ടം തുടരുക എന്ന് മാത്രമാണ് അറിയാനുള്ളത്. ഈ ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര്‍ പോരാട്ടം അവസാനിപ്പിക്കാത്ത ആ മനുഷ്യനോടൊപ്പം ചേരുമോ? കേസിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ വാര്‍ത്താകുറിപ്പ് ഇവിടെ ചേര്‍ക്കുന്നു. എഴുന്നേല്‍ക്കാന്‍ സമയമായി. ഇന്ന് ഞങ്ങള്‍. നാളെ അത് നിങ്ങളാകാം. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ

‘വേട്ടയാടാന്‍ തുടങ്ങിയത് മോദിക്കെതിരായ തെളിവുകള്‍ കൈമാറിയതോടെ’; പ്രഭുദാസിന് മര്‍ദനമേറ്റിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്  പുറത്തുവിട്ട് ശ്വേത സഞ്ജീവ് ഭട്ട്

വാര്‍ത്താക്കുറിപ്പ്

1990 ഒക്ടോബര്‍ 24ന് അദ്വാനിയുടെ രഥയാത്ര തടഞ്ഞതോടെ, ബിഹാറില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതോടെ ജാംനഗറിലെ വിവിധ ഭാഗങ്ങളില്‍ കലാപം ഉണ്ടായി. സഞ്ജീവ് ഭട്ട് ആ സമയത്ത് ജാംനഗര്‍ റൂറല്‍ എ.എസ്.പിയായിരുന്നു. ജാംനഗറില്‍ അന്ന് സിറ്റി, റൂറല്‍, ഖംബാലിയ എന്നിങ്ങനെ മൂന്ന് ഡിവിഷനുകളുണ്ടായിരുന്നു. ഖംബാലിയ ഡി.വൈ.എസ്.പി ലീവായിരുന്നതിനാല്‍ സഞ്ജീവിനായിരുന്നു ഒക്ടോബര്‍ 16ന് ആ ഡിവിഷന്റെ അധിക ചുമതല. ഒക്ടോബര്‍ 24ന് ജാംനഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ജാംനഗര്‍ സിറ്റിയുടെ ചുമതലയുണ്ടായിരുന്ന പ്രവീണ്‍ ഗോണ്ടിയ ഐ.പി.എസ് ആ ദിവസം അവധിയിലായിരുന്നതിനാല്‍ ആ ഡിവിഷന്റെ ചുമതലയും സഞ്ജീവിന് കൈമാറി. അതായത് ജാംനഗര്‍ ജില്ലയുടെ മുഴുവന്‍ ചുമതലയും സഞ്ജീവിനായി.

ഒക്ടോബര്‍ 30ന് വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. രാജ്യമാകെ കലാപത്തിന് സാധ്യതയുണ്ടായിരുന്നതിനാല്‍ കനത്ത ജാഗ്രതയായിരുന്നു. ജാംനഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ അതിന് മുമ്പ് തന്നെ ജാംനഗറില്‍ സംഘര്‍ഷവും കൊള്ളയും ആരംഭിച്ചു കഴിഞ്ഞിരുന്നു. ജാംഝോധ്പൂരില്‍ ന്യൂനപക്ഷങ്ങളുടെ കടകളും ‌ സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു.

നിരോധനാജ്ഞ ശക്തമാക്കി സമാധാനം പുനസ്ഥാപിക്കുകയായിരുന്നു സഞ്ജീവിന്റെ പ്രഥമ ഉത്തരവാദിത്തം. ജാംഝോധ്പൂര്‍ സ്‌റ്റേഷനില്‍ 133 പേരെ അറസ്റ്റ് ചെയ്തുവെന്ന വിവര പ്രകാരം ഒക്ടോബര്‍ 30ന് ഉച്ചക്ക് 1.30ന് സഞ്ജീവ് അവിടെയെത്തി. 15 വ്യത്യസ്ത സംഘര്‍ഷങ്ങളുടെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 133 പേരില്‍ പ്രഭുദാദ് മാധവ്ജി വൈഷ്ണനിയുമുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തത് കെഎന്‍ പട്ടേല്‍, താക്കൂര്‍, മഹാശങ്കര്‍ ജോഷി എന്നിവരടങ്ങിയ പൊലീസ് സംഘമാണ്. സഞ്ജീവ് ഭട്ട് സ്റ്റേഷനില്‍ എത്തുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം. ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അതായത് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ സഞ്ജീവ് ഭട്ട് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.

സഞ്ജീവ് ഭട്ടോ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരേ അല്ല മരിച്ച പ്രഭുദാദ് മാധവ്ജി വൈഷ്ണനി ഉള്‍പ്പെടെയുള്ള 133 പേരെ ചോദ്യംചെയ്തത്‍. അറസ്റ്റിലായവരെ ഒക്ടോബര്‍ 31ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മര്‍ദനത്തെ കുറിച്ച് ഒരു പരാതിയും ആരും ഉന്നയിച്ചില്ല. എല്ലാവരെയും നവംബര്‍ 8 വരെ റിമാന്‍ഡ് ചെയ്തു. ജാമ്യത്തില്‍ വിട്ട ശേഷവും പ്രഭുദാദ് മാധവ്ജി വൈഷ്ണനി ഉള്‍പ്പെടെ ആരും ഒരു പീഡന പരാതിയും ഉന്നയിച്ചില്ല.

നവംബര്‍ 12ന് പ്രഭുദാസിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി. അപ്പോഴും പൊലീസ് മര്‍ദിച്ചതായി ഇയാള്‍ ഡോക്ടറോട് പോലും പറഞ്ഞിട്ടില്ല. നവംബര്‍ 18ന് ചികില്‍സയിലിരിക്കെ പ്രഭുദാസ് മരിച്ചു. ആശുപത്രി രേഖകളും ഫോറന്‍സിക് രേഖകളും പ്രകാരം അദ്ദേഹത്തിന് ശാരീരിക ക്ഷതമോ മര്‍ദനമോ ഏറ്റിട്ടില്ല.

വി.എച്ച്.പി പ്രവര്‍ത്തകനായ അമൃത്‌ലാല്‍ വൈഷ്‌ണനി പ്രഭുദാസിന്റെ മരണ ശേഷമാണ് കസ്റ്റഡി മര്‍ദന പരാതി ഉന്നയിച്ചത്. സഞ്ജീവ് ജാംനഗറില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ഇരുപതാം ദിവസമാണവിടെ കലാപമുണ്ടായത്. അറസ്റ്റ് ചെയ്യപ്പെട്ട ആരെയും സഞ്ജീവിന് പരിചയമുണ്ടായിരുന്നില്ല. അവരില്‍ ആരോടും വിരോധമുണ്ടാകേണ്ട കാര്യവുമില്ല.

സഞ്ജീവിനെതിരെ ഉന്നയിക്കപ്പെട്ട പരാതി രാഷ്ട്രീയ പകപോക്കലിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന് നവംബര്‍ ഒന്നാം തീയതി അവിശ്വാസ വോട്ട് നേരിടേണ്ടി വന്നിരുന്നു. ബി.ജെ.പിയിലെയും കോണ്‍ഗ്രസിലെയും എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹത്തിന് ആവശ്യമായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ ടാഡ ചുമത്തരുതെന്ന പട്ടേല്‍ സമുദായംഗങ്ങളുടെ ആവശ്യത്തിന് അതേ സമുദായത്തില്‍പ്പെട്ട ചിമന്‍ഭായിക്കും ആഭ്യന്തരമന്ത്രി നരേന്ദ്ര അമീനും വഴങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ സഞ്ജീവ് ആ ആവശ്യം നിരസിച്ചു.

സഞ്ജീവ് കുറ്റക്കാരനല്ലെന്ന് മേലധികാരികള്‍ക്കും ആഭ്യന്തര വകുപ്പിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജീവിന് ആഭ്യന്തര വകുപ്പ് നിയമസഹായം നല്‍കാന്‍ ഉത്തരവിറക്കി. സഞ്ജീവിനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതിയും നല്‍കിയില്ല.

2011 വരെ സംസ്ഥാന സര്‍ക്കാര്‍ സഞ്ജീവ് ഭട്ടിനൊപ്പമായിരുന്നു. എന്നാല്‍ 2002ലെ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് 2011ല്‍ ജസ്റ്റിസ് നാനാവതി കമ്മീഷനും മേത്ത കമ്മീഷനും സഞ്ജീവ് മൊഴികൊടുത്തു. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് സംബന്ധിച്ച സത്യസന്ധമായ വിവരങ്ങള്‍ കമ്മീഷനുകള്‍ക്ക് കൈമാറി. അടുത്ത ദിവസം തന്നെ കസ്റ്റഡി മരണ പരാതിയില്‍ സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

കേസില്‍ സാക്ഷികളായ 300 പേരില്‍ 32 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളൂ. 1990 മുതല്‍ 2012 വരെ നിശബ്ദനായിരുന്ന പരാതിക്കാരന്‍ വളരെ വേഗം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ചു. കേസിലെ വിചാരണയില്‍ തന്നെ അനുകൂലിക്കുന്ന സാക്ഷികളെ ഹാജരാക്കാന്‍ പോലും സഞ്ജീവിനെ അനുവദിച്ചില്ല. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. റെഡ്ഡിയെ വിസ്തരിക്കണമെന്ന സഞ്ജീവിന്റെ ആവശ്യം ഉച്ചയ്ക്ക് 12.30ന് പരിഗണിച്ച കോടതി ഡോ.റെഡ്ഡിയോട് അന്നേ ദിവസം 3 മണിക്കുള്ളില്‍ കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. ഹൈദ്രാബാദില്‍ നിന്നെത്തി കോടതിയില്‍ ഹാജരാകാന്‍ ഒരു ദിവസത്തെ സാവകാശം പോലും അനുവദിച്ചില്ല. പലപ്പോഴും വിചാരണ നടത്തിയത് സഞ്ജീവിന്റെ അഭിഭാഷകര്‍ പോലുമറിയാതെയാണ്.

ചെയ്യാത്ത കുറ്റത്തിനാണ് അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ശരീരത്തിലോ ഉള്ളിലോ ഒരു തരത്തിലുമുള്ള മുറിവോ ചതവോ ഇല്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയ മരണം നരഹത്യയായി വിധിക്കപ്പെട്ടു. രാഷ്ട്രീയ പകപോക്കലിന് ഇതിലും നല്ല ഒരുദാഹരണമില്ല. വിധി പരിശോധിച്ച് അപ്പീല്‍ നല്‍കും. ഇവിടെ നീതി നിഷേധിക്കുക മാത്രമല്ല ഉണ്ടായത്, തന്റെ ഉത്തരവാദിത്തം കൃത്യമായി ചെയ്തതിന് ഒരു നിരപരാധി വേട്ടയാടപ്പെടുകയാണ്.

This is Shweta Sanjiv Bhatt, The sessions court today sentenced Sanjiv to Life Imprisonment for a crime he did not...

Posted by Sanjiv Bhatt on Thursday, June 20, 2019