LiveTV

Live

National

ശബരിമല സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ശബരിമല സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ശബരിമല യുവതി പ്രവേശനത്തിനെതിരായ സ്വകാര്യ ബില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തില്ല. ശൂന്യവേളയിലെ ബില്‍ അപൂര്‍ണമാണെന്ന മീനാക്ഷി ലേഖി എം.പിയുടെ പരാമര്‍ശം ബി.ജെ.പിയുടെ ആശങ്കയും ആശയകുഴപ്പവും വ്യക്തമാക്കുന്നതാണെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്ന് ആന്റോ ആന്റണി എം.പിയും ശൂന്യവേളയില്‍ ആവശ്യപ്പെട്ടിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് നിലവിലുണ്ടായിരുന്ന മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അതേപടി സംരക്ഷിക്കപ്പെടണമെന്ന സുപ്രധാന വ്യവസ്ഥയോടെയുള്ളതാണ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച സ്വകാര്യ ബില്‍. ബില്‍ 25ന് നറുക്കിടും. ലഭിച്ചാല്‍ ജൂലൈ 12 ന് ചര്‍ച്ചക്കെടുക്കും. അല്ലാത്തപക്ഷം ഈ സഭ സമ്മേളനത്തില്‍ വരാനിടയില്ല.

ശൂന്യവേളയിലായിരുന്നു ബില്‍ അപൂര്‍ണമാന്ന് ചൂണ്ടിക്കാട്ടി മീനാക്ഷി ലേഖി എം.പി സംസാരിച്ചത്. ബി.ജെ.പി പ്രതിരോധത്തിലാണെന്നതിന് തെളിവാണിതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. ബില്‍ ലോക്‌സഭയില്‍ എത്തിയതോടെ രാഷ്ട്രീയമായി വെട്ടിലായിരിക്കുകയാണ് ബി.ജെ.പി.

അംഗീകരിച്ചാല്‍ തുടര്‍നടപടി, യു.ഡി.എഫ് കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ചെന്ന ക്ഷതം, ശനി ശിംഗനാപൂര്‍ ക്ഷേത്രത്തിലെ സമാന സാഹചര്യം എന്നിവ മറികടക്കണം മറിച്ചായാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനമാകും. വിഷയം പഠിക്കാന്‍ ബി.ജെ.പി മുന്നംഗ സമിതി രൂപീകരിച്ചതായാണ് വിവരം. ലോക്‌സഭയില്‍ വന്ന 9 സ്വകാര്യ ബില്ലുകളില്‍ ശബരിമല അടക്കം നാല് എണ്ണം എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടേതായിരുന്നു. സര്‍ഫാസി, തൊഴിലുറപ്പ്, എഫ്.പി.എഫ് എന്നിവ സംബന്ധിച്ചായിരുന്നു ബാക്കി ബില്ലുകള്‍.