LiveTV

Live

National

നിഷ്ക്രിയ ആസ്തിയില്‍ പകുതിയും മുന്‍നിര വായ്പക്കാരുടേതെന്ന് റിപ്പോര്‍ട്ട്

ആരാണ് ഈ 100 മുന്‍നിര വായ്പക്കാരെന്ന് വെളിപ്പെടുത്താന്‍ ആര്‍.ബി.ഐ തയ്യാറായില്ല.

നിഷ്ക്രിയ ആസ്തിയില്‍ പകുതിയും മുന്‍നിര വായ്പക്കാരുടേതെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ആകെ നിഷ്ക്രിയ ആസ്തിയില്‍ 50 ശതമാനവും ഇന്ത്യയിലെ ആദ്യ 100 മുന്‍നിര വായ്പക്കാരുടേതെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആരാണ് ഈ 100 മുന്‍നിര വായ്പക്കാരെന്ന് വെളിപ്പെടുത്താന്‍ ആര്‍.ബി.ഐ തയ്യാറായില്ല. 4.5 ലക്ഷം കോടി രൂപയാണ് ഈ വായ്പക്കാര്‍ മൂലം രാജ്യത്ത് ഉണ്ടായ നിഷ്ക്രിയ ആസ്തി.

രാജ്യത്ത് വായ്പ എടുത്ത് തിരിച്ചടക്കാത്ത വ്യവസായികളുടെ എണ്ണം വര്‍ധിക്കുമ്പോഴാണ് പുതിയ കണക്ക് പുറത്ത് വരുന്നത്. ഇന്ത്യയിലെ ആദ്യ 100 മുന്‍നിര വായ്പക്കാരാണ് ആകെ നിഷ്ക്രിയ ആസ്തിയുടെ 50 ശതമാനവും വരുത്തിവെക്കാന്‍ കാരണക്കാരെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. ആദ്യ 100 പേരില്‍ ഓരോരുത്തരും ശരാശരി 4,461 കോടിക്ക് കാരണക്കാരണെന്നും ഇതിലൂടെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഈ നിഷ്ക്രിയ ആസ്തിക്ക് പിന്നിലുള്ള ഭീമന്‍ വായ്പക്കാരുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിടാന്‍ ആര്‍.ബി.ഐ വിസമ്മതിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ധനമന്ത്രി രാജ്യസഭയില്‍ നല്‍കിയ കണക്ക് അനുസരിച്ച് 2018 ഡിസംബര്‍ 31 വരെ വാണിജ്യബാങ്കുകളില്‍ 10 ലക്ഷത്തോളം കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയുണ്ട്. പൊതുമേഖല ബാങ്കില്‍ എട്ട് ലക്ഷത്തി അറുപത്തിനാലായിരത്തോളം കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയും ഉണ്ടായിട്ടുണ്ട് എന്ന് കണക്കുകള്‍ പറയുന്നു. 2019 മാര്‍ച്ച് വരെ ഉള്ള കണക്ക് അനുസരിച്ച് മൊത്തം അനുവദിച്ച വായ്പയുടെ 9.3 ശതമാനവും ഇതിനോടകം നിഷ്ക്രിയ ആസ്തിയായി മാറി.

കഴിഞ്ഞ ഏപ്രിലില്‍ കോടികള്‍ നിഷ്ക്രിയ ആസ്തി വരുത്തുന്ന വായ്പക്കാരുടെ വിവരം പുറത്ത് വിടാത്തതില്‍ സുപ്രീംകോടതി ആര്‍.ബി.ഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇനിയും ഇവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ തയ്യാറല്ലെങ്കില്‍ കോടതി അലക്ഷ്യം നേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയതാണ്.