LiveTV

Live

National

പാര്‍ലമെന്റില്‍ പോകേണ്ടതുണ്ടെന്ന് പ്രഗ്യാ സിങ്; മലേഗാവ് കേസില്‍ ഇളവ് അനുവദിച്ച് എന്‍.ഐ.എ കോടതി

സ്ഥിരമായി കോടതിൽ ഹാജരാകുന്നതിൽ നിന്നും മാറ്റിനിർത്തണമെന്ന ആവശ്യം എൻ.ഐ.എ കോടതി തള്ളി.

പാര്‍ലമെന്റില്‍ പോകേണ്ടതുണ്ടെന്ന് പ്രഗ്യാ സിങ്; മലേഗാവ് കേസില്‍ ഇളവ് അനുവദിച്ച് എന്‍.ഐ.എ കോടതി

മലേഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതയായ ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് അനുവദിച്ച് എൻ.ഐ.എ കോടതി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കോടതിയിൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് പ്രഗ്യാ സിങ് ബോധിപ്പിച്ചത്. ഭോപാലിൽ നിന്നുമാണ് തീവ്ര ഹിന്ദുത്വവാദിയായ പ്രഗ്യ സിങ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.

പാർലമെന്റേറിയൻ എന്ന നിലയിൽ പ്രഗ്യാ സിങ്ങിന്റെ സാന്നിധ്യം സഭയിൽ അത്യാവശ്യമാണെന്നാണ് അവരുടെ അഭിഭാഷകൻ കോടതിയില്‍ ബോധിപ്പിച്ചത്. എന്നാൽ സ്ഥിരമായി കോടതിൽ ഹാജരാകുന്നതിൽ നിന്നും മാറ്റിനിർത്തണമെന്ന ആവശ്യം എൻ.ഐ.എ കോടതി തള്ളി. ഒരാഴ്ച്ചത്തേക്കാണ് പ്രഗ്യാ സിങ്ങിന് കോടതി ഇളവ് അനുവദിച്ചത്.

അനാരോഗ്യം, മുംബെെയിൽ വീട് ഇല്ലാതിരിക്കുക, പാർ‌ലമെന്റ് സമ്മേളനം നടക്കുക എന്നിവയൊന്നും ഒരാളുടെ വിചാരണ ഇല്ലാതാക്കാനുള്ള ന്യായമായ കാരണങ്ങളല്ലെന്നായിരുന്നും കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇളവ് അനുവദിക്കാൻ തുടർന്നും അപേക്ഷ സമർപ്പിക്കുന്നതിന് പ്രഗ്യാ സിങ്ങിന് വിലക്കേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജൂൺ മൂന്നിനാണ് പ്രഗ്യാ സിങ് ഉൾപ്പടെയുള്ള എല്ലാ കുറ്റാരോപിതരോടും ആഴ്ച്ചയിൽ ഒരിക്കൽ കോടതിയിൽ ഹാജരാകണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടത്.