LiveTV

Live

National

ആരോഗ്യ മേഖല പരിതാപകരം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ്

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ നടന്ന ആശുപത്രി മരണങ്ങളുടെ വിവരങ്ങൾ കെെമാറാൻ ആവശ്യപ്പെട്ടാണ് കമ്മീഷൻ നോട്ടീസ് അയച്ചത്.

ആരോഗ്യ മേഖല പരിതാപകരം; കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ്

ആരോഗ്യ മേഖലയിലെ പരിതാപകരമായ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര - സംസ്ഥാന മന്ത്രാലയങ്ങൾക്ക് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രാജ്യത്തുടനീളം ആരോഗ്യ മേഖലയുടെ സ്ഥിതി ശോചനീയമാണെന്നുള്ള മാധ്യമ വാർത്തകളെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

ബിഹാറിൽ മസ്തിഷ്ക മരണം ബാധിച്ച് നൂറ്റി മുപ്പതോളം കുട്ടികൾ മരിക്കുകയും, മതിയായ ചികിത്സാ സൗകര്യങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ബിഹാറിലെ 143 കുട്ടികളുടെ മരണത്തിന് പുറമെ (സർക്കാർ കണക്ക് പ്രകാരം 136), ഖൊരക്പൂരിലെ ഓക്സിജൻ ദൗർലഭ്യം മൂലം നവജാത ശിശുക്കൾ മരണമടഞ്ഞതും ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ പാനല്‍, ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ മൃതശരീരങ്ങൾ ചുമലിലേറ്റിയും സെെക്കിളിലും കൊണ്ടുപോകുന്ന അവസരങ്ങളും മെഡിക്കൽ നെഗ്ലിജൻസ് മൂലം ആശുപത്രി വാതിൽക്കൽ പ്രസവങ്ങൾ നടക്കുന്നതും രാജ്യത്ത് സാധാരണയായി കണ്ടുവരുന്നതായും നിരീക്ഷിച്ചു.

രാജ്യത്തെ പിന്നോക്ക സംസ്ഥാനങ്ങളിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും അടിയന്തര അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണം ആരംഭിക്കാനാണ് നിർദേശം.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ നടന്ന ആശുപത്രി മരണങ്ങളുടെ വിവരങ്ങൾ കെെമാറാൻ ആവശ്യപ്പെട്ടാണ് വിവിധ ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിക്കും കമ്മീഷൻ നോട്ടീസ് അയച്ചത്. സംസ്ഥാനങ്ങൾക്ക് ആറ് ആഴ്ച്ചയും, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നാലാഴ്ച്ച സമയവുമാണ് അനുദിച്ചിരിക്കുന്നത്.