LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും ബന്ധുവിന്‍റെയും സസ്പെന്‍ഷന്‍ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു

താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി പോലീസ് സസ്പെന്‍റ് ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭര്‍ത്താവിന്‍റെയും  ബന്ധുവിന്‍റെയും സസ്പെന്‍ഷന്‍ ഡല്‍ഹി പൊലീസ് പിന്‍വലിച്ചു

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണമുന്നയിച്ച പരാതിക്കാരിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും ഡൽഹി പോലീസ് സർവീസിൽ തിരിച്ചെടുത്തു. താന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹി പോലീസ് സസ്പെന്‍റ് ചെയ്തതെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ സ്ത്രീ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സുപ്രീംകോടതി ജഡ്ജിമാരുടെ അന്വേഷണസമിതിയുടെ കണ്ടെത്തല്‍

വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് പരാതിക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ സഹോദരനുമെതിരെ നടപടിയെടുത്തത്. ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല അന്വേഷണവും സസ്പെന്‍ഷനുമായിരുന്നു നടപടി . ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് ഫോൺ വിളിച്ചുവെന്നതായിരുന്നു പരാതിക്കാരിയുടെ ഭർത്താവിനെതിരായുള്ള ആരോപണമെങ്കിൽ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ നിലവിലുണ്ടായിരുന്ന പോലീസ് പരാതി മറച്ചു വെച്ചുവെന്നതായിരുന്നു ഭർതൃ സഹോദരനെതിരായ ആരോപണം. നാല് മാസത്തോളമാണ് യുവതിയുടെ ഭര്‍ത്താവും ഭര്‍തൃസഹോദരനും സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്നത്

Also read: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: അന്വേഷണ സമിതിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍

ഇരുവർക്കുമെതിരായ സസ്‌പെൻഷൻ ഉത്തരവ് പിൻവലിച്ചുവെന്നും കഴിഞ്ഞയാഴ്ച ജോലിയില്‍ തിരികെയെടുത്തുവെന്നും ഡൽഹി ആംഡ് പോലീസ് അഡീഷണൽ കമ്മീഷണർ സി.കെ മെയിൻ പറഞ്ഞു. എന്നാൽ വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയിൽ തിരികെയെടുത്ത വാർത്ത പരാതിക്കാരിയുടെ ഭർതൃസഹോദരൻ സ്ഥിരീകരിച്ചു. അതെ സമയം താൻ ലീവിലാണെന്നും വാർത്തയെ പറ്റി തനിക്ക് അറിയില്ലെന്നുമായിരുന്നു യുവതിയുടെ ഭർത്താവിന്റെ പ്രതികരണം.

Also read: ചീഫ് ജസ്റ്റിസിനെതിരായ  ലൈംഗികാരോപണം ഗൂഢാലോചനയെന്ന പരാതിയില്‍ അന്വേഷണം 

സുപ്രീംകോടതിയിലെ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്‍റായ പരാതിക്കാരി ഇക്കഴിഞ്ഞ ഏപ്രില്‍ 19നാണ് സുപ്രീംകോടതിയിലെ 22 ജഡ്ജമാര്‍ക്ക് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് ലൈംഗീകാതിക്രമം നടത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയത്. പീന്നീട് തന്നെ നിരവധി തവണ സ്ഥലം മാറ്റിയെന്നും ഒടുവില്‍ അനുവാദം വാങ്ങിക്കാതെ അവധി എടുത്തുവെന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സസ്പെന്‍റ് ചെയ്തുവെന്നും ആരോപിച്ചിരുന്നു.

എന്നാല്‍ പരാതിക്കാരിയുടെ ആരോപണത്തിന്‍മേല്‍ അന്വേഷണം നടത്തി മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ അന്വേഷണസമിതി പരാതി അടിസ്ഥാനരഹിതമാണെന്നാണ് കണ്ടെത്തിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍ ഗോഗോയുടെ വാദം. എന്നാല്‍ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്നും അന്വേഷണസമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും ആരോപിച്ച് അന്വേഷണനടപടികള്‍ക്കിടെ പരാതിക്കാരി പിന്‍മാറുകയായിരുന്നു

Also read: ചീഫ് ജസ്റ്റിസിനെതിരായ തന്റെ കേസ് തള്ളിയതിന്റെ കാരണം അറിയണമെന്ന് പരാതിക്കാരി