LiveTV

Live

National

പാർട്ടിവിരുദ്ധ പ്രവർത്തനം; കർണാടകയിലെ മുതിർന്ന നേതാവ് റോഷൻ ബേഗിനെ കോണ്‍ഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

പാർട്ടിവിരുദ്ധ പ്രവർത്തനം; കർണാടകയിലെ മുതിർന്ന നേതാവ് റോഷൻ ബേഗിനെ കോണ്‍ഗ്രസിൽ  നിന്ന്  സസ്‌പെൻഡ് ചെയ്തു

കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ റോഷൻ ബേഗിനെ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ശിവാജി നഗറിൽ നിന്നുള്ള എം.എൽ.എ യാണ് ബേഗ്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടർന്ന് എ.ഐ.സി.സി നടപടി ശരിവെച്ചുവെന് കോൺഗ്രസ് നേതൃത്വം ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തക്കതായ അന്വേഷണങ്ങൾക്ക് ശേഷമാണ് സസ്‌പെൻഷൻ നടപടിയെന്ന് പ്രസ്താവന കൂട്ടി ചേർത്തു.

കർണാടക പി.സി.സി പ്രസിഡന്റ് ദിനേശ് ഗുണ്ടുവിനെയും മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെയും പരസ്യ വിമർശനം നടത്തിയിട്ടുള്ള റോഷൻ ബേഗ് കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഈയിടെ കോമാളിയെന്ന് വിളിച്ചിരുന്നു. അത് കൂടാതെ കർണാടകയിൽ വിവാദമായ 15000 കോടിയുടെ ഐ.എം.എ സ്വർണ നിക്ഷേപ തട്ടിപ്പിലെ പ്രതി മൻസൂർ ഖാന്റെ പേരിൽ പ്രചരിക്കുന്ന ഓഡിയോവില്‍ റോഷൻ ബേഗിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതും നടപടിക്ക് ആക്കം കൂട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമുള്ള കോൺഗ്രസ് നിയമ സഭാ കക്ഷി യോഗത്തിൽ ബേഗ് പങ്കെടുത്തിരുന്നില്ല. മാത്രമല്ല, ബേഗ് ഡല്‍ഹിയില്‍ ചെന്ന് ബി.ജെ.പി നേതാക്കളായ എം.ജെ അക്ബർ, മുഖ്താർ അബ്ബാസ് നഖ്‌വി എന്നിവരുമായി ചർച്ച നടത്തിയെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടു ദിവസം മുൻപ് വൻഭൂരിപക്ഷം നേടി എൻ ഡി എ അധികാരത്തിൽ വന്നാൽ മാറി ചിന്തിക്കണമെന്നും. കർണാടകയിലെ മുസ്ലിങ്ങൾ ആവശ്യമെങ്കിൽ ബി.ജെ.പിക്കൊപ്പം കൈ കോർക്കണമെന്നും പറഞ്ഞു വിവാദം സൃഷ്ടിച്ചയാൾ കൂടിയാണ് റോഷൻ ബേഗ്.