LiveTV

Live

National

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്;  പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷവുമായി ധാരണയിലെത്താതെ അവസാനിച്ചു

ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്;  പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷവുമായി ധാരണയിലെത്താതെ അവസാനിച്ചു

ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ് എന്ന അജണ്ട ചര്‍ച്ചയില്‍ കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷവുമായി ധാരണയിലെത്താതെ അവസാനിച്ചു. വിരലിലെണ്ണാവുന്ന പാര്‍ട്ടികളാണ് പുതിയ നീക്കത്തെ പിന്തുണച്ചത്. കോണ്‍ഗ്രസ് അടക്കമുള്ള എട്ട് പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പുകള്‍ നടന്നു കൊണ്ടേയിരിക്കുന്നത് പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാറിന്റെ വികസന പദ്ധതികളെ ബാധിക്കുന്നുണ്ട് എന്നാണ് ഒറ്റ തെരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള പ്രധാന ന്യായമായി കേന്ദ്രം മുന്നോട്ടു വെക്കുന്നത്. ഉപകരണങ്ങളും ഉദ്യോഗസ്ഥരും വിന്യസിക്കുന്നതിലെ ഭാരിച്ച ചെലവ് കുറക്കാനാവുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. 1999ല്‍ കേന്ദ്ര നിയമ കമ്മീഷന്‍ മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശം പിന്നീടു വന്ന സര്‍ക്കാറുകള്‍ക്ക് പ്രവൃത്തിപഥത്തില്‍ കൊണ്ടു വരാനായിട്ടില്ല. ജനപ്രാതിനിധ്യ നിയമത്തിലടക്കം നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വരുന്ന ഈ നീക്കം പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുകയും 50 ശതമാനം നിയമസഭകള്‍ ഇത് അംഗീകരിക്കുകയും ചെയ്‌തെങ്കിലേ പുതിയ മാറ്റം നടപ്പാക്കാനാവൂ. എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാറിന് ഒട്ടും ഉദ്ദേശ്യശുദ്ധിയില്ലെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വിമര്‍ശം. ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വന്നിട്ടും അങ്ങനെയല്ല സര്‍ക്കാര്‍ നടത്തിയത്. സുദീര്‍ഘമായ ഘട്ടങ്ങളിലൂടെയാണ് ഇപ്പോഴും ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയത്.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ യോഗത്തില്‍ നിന്നും വിട്ടു നിന്നത് എന്‍.ഡി.എ സഖ്യത്തിന് ക്ഷീണമായി. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരാണ് എന്‍.ഡി.എ ഇതരകക്ഷികളില്‍ നിന്നും ഉപാധികളില്ലാതെ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചവര്‍. തെരഞ്ഞെടുപ്പു പരിഷ്‌കരണമാണ് ലക്ഷ്യമെങ്കില്‍ വോട്ടിംഗ് യന്ത്രത്തെ കുറിച്ചാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തേണ്ടിയിരുന്നതെന്നാണ് മായാവതി അഭിപ്രായപ്പെട്ടത്. സമാജ്‌വാദി, തൃണമൂല്‍, ഡി.എം.കെ, ടി.ഡി.പി, ആം ആദ്മി, ടി.ആര്‍.എസ് എന്നിവര്‍ പൂര്‍ണമായും ബഹിഷ്‌കരിച്ചപ്പോള്‍ സി.പി.എം, സി.പി.ഐ, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി, മുസ്‌ലിം ലീഗ്, പി.ഡി.പി തുടങ്ങിയവര്‍ യോഗത്തിലെത്തി എതിര്‍പ്പ് പ്രകടിപ്പിച്ചു മടങ്ങി.