LiveTV

Live

National

കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവായി അധിര്‍ രഞ്ജന്‍ ചൌധരിയെ തെരഞ്ഞെടുത്തു

ബംഗാള്‍ പി.സി.സി അധ്യക്ഷന്‍, രണ്ടാം യു.പി.എയില്‍ റെയില്‍ സഹമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവായി അധിര്‍ രഞ്ജന്‍ ചൌധരിയെ തെരഞ്ഞെടുത്തു

പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പി അധിര്‍ രഞ്ജന്‍ ചൌധരിയെ കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കക്ഷി സ്ഥാനം ഏറ്റെടുക്കണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചില്ല. കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് തീരുമാനം.

പാര്‍ലമെന്റ് സമ്മേളനത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് കോണ്‍ഗ്രസിന്റെ നീക്കം. രാഹുല്‍ ഗാന്ധി വിസമ്മതിച്ചതോടെയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള എം.പി അധിര്‍ രഞ്ജന്‍ ചൌധരി ലോക്സഭ കക്ഷി നേതൃസ്ഥാനത്തേക്ക് എത്തിയത്.

അഞ്ച് തവണ പാര്‍ലമെന്റിലെത്തിയ പരിചയ സമ്പത്ത്, ഊര്‍ജസ്വലനായ നേതാവ്, കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം, ഭാഷ തുടങ്ങിയവയാണ് അധിര്‍ രഞ്ജന്‍ ചൌധരിയെ തെരഞ്ഞെടുക്കാന്‍ കാരണം. ബംഗാള്‍ പി.സി.സി അധ്യക്ഷന്‍, രണ്ടാം യു.പി.എയില്‍ റെയില്‍ സഹമന്ത്രി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ തീരുമാനം ലോക്സഭയെ അറിയിച്ചത്. പട്ടികയിലുണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു.

പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത യോഗം, സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രീതി നടപ്പാക്കാന്‍ നാളെ പ്രധാനമന്ത്രി വിളിച്ച രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ യോഗം സംബന്ധിച്ചും ചര്‍ച്ച ചെയ്തു. നീക്കത്തെ ശക്തമായി എതിര്‍ക്കുന്നത് സംബന്ധിച്ച് സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാരുമായി ആശയവിനിമയം നടത്തി. യോഗത്തിനെത്തില്ലെന്ന് മമത ബാനര്‍ജി രേഖാമൂലം പാര്‍ലമെന്ററി കാര്യമന്ത്രി പ്രല്‍ഹാദ് ജോഷിയെ അറിയിച്ചിട്ടുണ്ട്.