LiveTV

Live

National

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ഏപ്രിൽ 26 മുതൽ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിൽ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ  ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്ത് 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ‘വ്യാജ വാർത്ത’ പോസ്റ്റ് ചെയ്തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോൾ എന്നയാളെ 2 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രേഖകൾ കെട്ടിച്ചമച്ചു, ചതി, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രിൽ 26 മുതൽ ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിൽ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശർമിസ്ത മുഖർജിയുടെ മുൻപിൽ ഇന്നലെയാണ് പൊലീസ് അനുപം പോളിനെ ഹാജരാക്കിയത്. ചൊവ്വാഴ്ച ഇയാളെ വീണ്ടും കോടതിക്ക് മുൻപിൽ ഹാജരാക്കും.

അനുപം പോളിന്റെ പോസ്റ്റുകൾ ഷെയർ ചെയ്തതിന്റെ പേരിൽ ഫ്രീലാൻസ് ടെലിവിഷൻ ജേര്‍ണലിസ്റ്റ് സൈകാത് തലാപത്രയെയും മറ്റൊരു പോലീസ് കോൺസ്റ്റബിളിനെയും ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഭാര്യയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെട്ട അസ്വാരസ്യങ്ങളെ കുറിച്ചായിരുന്നു പ്രസ്തുത പോസ്റ്റുകൾ.

നേരത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ഇതെല്ലാമെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണിതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ഇറക്കിയ പത്രപ്രതാവനയിൽ പ്രസ്താവിച്ചിരുന്നു. ത്രിപുര ബി.ജെ.പി ഘടകം വിഷയത്തിൽ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.