LiveTV

Live

National

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നിതീഷ്കുമാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

ബീഹാറില്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് വീണ്ടും ശിശുമരണം. ഇതുവരെ നൂറ് കുട്ടികളാണ് ബീഹാറിലെ മുസഫര്‍പൂരില്‍ മരിച്ചത്. മസ്തിഷ്കജ്വരം ബാധിച്ച ഇരുനൂറ്റി എഴുപതിലധികം കുട്ടികളാണ് ചികിത്സയിലുള്ളത്. കുട്ടികളുടെ മരണത്തെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ വോട്ട് ചെയതത് ആശുപത്രികള്‍ക്കോ സ്കൂള്‍ക്കോ അല്ലെന്നും മറിച്ച് അന്ധമായ തീവ്രദേശീയതക്കാണെന്നും ആര്‍.ജെ.ഡി വിമര്‍ശിച്ചു.

ഞായറാഴ്ച മാത്രം ഇരുപത് കുട്ടികളാണ് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മുസഫര്‍പൂരില്‍ മരിച്ചത്. ചികിത്സയില്‍ ആയിരുന്ന എണ്‍പത്തിമൂന്ന് കുട്ടികള്‍ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ മരിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആശുപത്രിയല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്നെ നാല് കുട്ടികള്‍ മരണപ്പെട്ടിരുന്നു.

കുട്ടികള്‍ മരിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ വോട്ട് ചെയ്തത് ആശുപത്രിക്കോ സ്കൂളുകള്‍ക്കോ അല്ലെന്നും മറിച്ച് അന്ധമായ തീവ്രദേശീയതക്കായിരുന്നു എന്നും ആര്‍.ജെ.ഡി കുറ്റപ്പെടുത്തി. മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ ജയത്തില്‍ നടത്തിയ ട്വീറ്റിനെ വിമര്‍ശിച്ചും ആര്‍.ജെ.ഡി രംഗത്ത് വന്നു.

നിലവില്‍ ഇരുനൂറ്റിയെഴുപതിലധികം കുട്ടികളാണ് ഇവിടെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് കുറഞ്ഞതാണ് കുട്ടികളുടെ പെട്ടന്നുള്ള മരണത്തിന് കാരണം. ബിഹാറിലെ കാലാവസ്ഥയും മരണത്തിലേക്ക് നയിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.