LiveTV

Live

National

സത്യവാചകം ചൊല്ലി എം.പിമാര്‍; 17ാം സഭാ നടപടികള്‍ക്ക് തുടക്കം

പ്രതിപക്ഷ-ഭരണപക്ഷ ഭിന്നതകള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാന്‍ പാര്‍ലമെന്റംഗങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സത്യവാചകം ചൊല്ലി എം.പിമാര്‍; 17ാം സഭാ നടപടികള്‍ക്ക് തുടക്കം

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ 17ാമത് ലോക്‌സഭാ നടപടികള്‍ക്ക് തുടക്കം. പ്രോടേം സ്പീക്കറായി മധ്യപ്രദേശിലെ നിന്നുള്ള ഡോ.വീരേന്ദ്ര കുമാര്‍ രാഷ്ട്രപതിയുടെ മുമ്പിലെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. പതിവനുസരിച്ച് കാലത്ത് 11 മണിക്ക് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു എന്നിവരോടൊപ്പമാണ് മധ്യപ്രദേശില്‍ നിന്നും എട്ടു തവണ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ: വീരേന്ദ്ര കുമാര്‍ പ്രോ ടേം സ്പീക്കറുടെ ചുമതല ഏറ്റെടുക്കാനായി രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

സഭാ നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പായി മാധ്യമങ്ങളെ അഭിമുഖീകരിച്ച പ്രധാനമന്ത്രി പ്രതിപക്ഷ-ഭരണപക്ഷ ഭിന്നതകള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്കു വേണ്ടി ഒരുമിച്ചു നില്‍ക്കാന്‍ പാര്‍ലമെന്റംഗങ്ങളോട് ആഹ്വാനം ചെയ്തു. ഭരണകക്ഷി അംഗങ്ങളുടെ ‘മോദി’ വിളികള്‍ക്കിടയിലാണ് പ്രധാനമന്ത്രി സത്യപ്രതിജ്ഞ നടത്തിയത്.

പ്രൊ ടേം സ്പീക്കറുടെ പാനല്‍ അംഗങ്ങളായ സുരേഷ് കൊടിക്കുന്നേല്‍, ഭര്‍തൃഹരി മഹ്താബ്, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് എന്നിവരും തൊട്ടു പുറകെ മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളായ രാജ്‌നാഥ് സിംഗ്, അമിത് ഷാ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, നിര്‍മ്മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ഹര്‍സിമ്രത് കൗര്‍ തുടങ്ങിയ മറ്റു മന്ത്രിമാരും പുറകെ സത്യപ്രതിജ്ഞ ചെയ്ത് സഭയുടെ അംഗങ്ങളായി.

രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്കും ബംഗാളില്‍ നിന്നുള്ള അംഗങ്ങള്‍ക്കും വന്‍ സ്വീകരണമാണ് ഭരണപക്ഷം നല്‍കിയത്. സദാനന്ദ ഗൗഡ കന്നഡ ഭാഷയിലും ഹര്‍ഷ് വര്‍ധന്‍, പ്രതാപ് ചന്ദ്ര സാരംഗി തുടങ്ങിയ മന്ത്രിമാരും നിരവധി ബി.ജെ.പി അംഗങ്ങളും സംസ്‌കൃതത്തിലുമാണ് പ്രതിജ്ഞാ വാചകം ചൊല്ലിയത്.

പ്രഗ്യാ സിംഗ് താക്കൂര്‍ പേരിനൊപ്പം ‘സ്വാമി ചേതനാനന്ദ് അവധേശാനന്ദ ഗിരി’ എന്നു കൂട്ടിച്ചേര്‍ത്തത് ബഹളത്തിനിടയാക്കി. ഈ പേര് നീക്കം ചെയ്യുമെന്ന് പ്രോടേം സ്പീക്കര്‍ പിന്നീട് അറിയിച്ചു. വടക്കു നിന്നും തെക്കോട്ടുള്ള മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ശശി തരൂര്‍ ഒഴികെയുള്ള അംഗങ്ങള്‍ എല്ലാവരും ചടങ്ങിനെത്തി. രാഹുല്‍ ഗാന്ധി വിദേശത്ത് നിന്നും എത്താനിടയില്ലെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തില്‍ നിന്നുള്ള അംഗങ്ങളില്‍ നാലാമനായി രാഹുലും സത്യപ്രതിജ്ഞ നടത്തി.