LiveTV

Live

National

എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ റോയ് ദമ്പതിമാരോട് സെബി

സെബിയുടെ നടപടി അസ്വാഭാവികമാണെന്നും കോടതിയെ സമീപിക്കുമെന്നും റോയ് ദമ്പതികള്‍ വ്യക്തമാക്കി. 

 എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ റോയ് ദമ്പതിമാരോട് സെബി

എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ പ്രണോയ് റോയിയോടും ഭാര്യ രാധിക റോയിയോടും സെബി നിര്‍ദേശിച്ചു. ഫണ്ട് സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാണ് ഉത്തരവ്. സെബിയുടെ നടപടി അസ്വാഭാവികമാണെന്നും കോടതിയെ സമീപിക്കുമെന്നും റോയ് ദമ്പതികള്‍ വ്യക്തമാക്കി. എന്നാല്‍ സെബിയുടെ ഉത്തരവ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കയ്യേറ്റമാണന്ന വിമര്‍ശമാണ് ഉയരുന്നത്.

ചട്ടലംഘനം ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റി മാര്‍ക്കറ്റ് റെഗുലേറ്ററി ബോര്‍ഡായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് എന്‍ഡിടിവി ഡയറക്ടര്‍മാരായ റോയ് ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുവര്‍ക്കും ഉടമസ്ഥാവകാശമുള്ള എന്‍.ഡി.ടി.വി പ്രൊമോട്ടര്‍മാരിലൊരാളായ ആര്‍.ആര്‍.പി.ആര്‍ കമ്പനിക്കും ഉത്തരവ് ബാധകമാണ്. എന്‍.ഡി.ടി.വിയുടെ ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയിലാണ് സെബിയുടെ ഉത്തരവ്. വിശ്വപ്രധാന്‍ എന്ന കമ്പനിയുമായും ഐ.സി.ഐ.സി.ഐ ബാങ്കുമായും റോയ് ദമ്പതികൾ ഒപ്പിട്ട ലോണ്‍ എഗ്രിമെന്റിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് കാട്ടിയായിരുന്നു പരാതി. ഇതില്‍ അന്വേഷണം നടത്തിയ സെബി ലോണ്‍ എഗ്രിമെന്‍റിന് വിരുദ്ധമായി ഇവര്‍ എന്‍.ഡി.ടി.വിയുടെ ഘടനയില്‍ മാറ്റം വരുത്തിയെന്നും ഇത് മറ്റ് ഷെയര്‍ ഉടമകളില്‍ നിന്ന് മറച്ചുവെച്ചുവെന്നും കണ്ടെത്തി. 2017ലാണ് സെബി അന്വേഷണം ആരംഭിച്ചത്.

ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുന്നതിന് പുറമെ ഒരു വര്‍ഷത്തേക്ക് കമ്പനിയുടെ മറ്റേതെങ്കിലും മാനേജീരിയല്‍ പദവികള്‍ വഹിക്കുകയോ രണ്ട് വര്‍‍ഷത്തേക്ക് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ഇടപാട് നടത്തുകയോ ചെയ്യരുതെന്നും സെബി ഉത്തരവിട്ടു. എന്നാല്‍ സെബിയുടെ ഉത്തരവ് അസ്വാഭാവികമാണെന്ന് പ്രതികരിച്ച റോയ് ദമ്പതികള്‍ വരും ദിവസങ്ങളില്‍ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കയ്യേറ്റമാണിതെന്ന പ്രതികരണവുമായി വിവിധ മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.