LiveTV

Live

National

കേന്ദ്ര സര്‍വീസില്‍ സംവരണം അട്ടിമറിച്ച് സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് നിയമനം

നിയമനം താത്ക്കാലികമാണെന്നതും തസ്തികയ്ക്ക് പകരം വകുപ്പിനെ യൂണിറ്റായി പരിഗണിക്കുന്നതുമാണ് സംവരണ അട്ടിമറിക്കിടയാക്കിയത്.

കേന്ദ്ര സര്‍വീസില്‍ സംവരണം അട്ടിമറിച്ച് സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് നിയമനം

കേന്ദ്ര സര്‍വീസില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നേരിട്ട് നിയമിക്കുന്നത് സംവരണം അട്ടിമറിച്ചെ‌ന്ന് വിവരാവകാശ രേഖ. ‌നിയമനം താത്ക്കാലികമാണെന്നതും തസ്തികയ്ക്ക് പകരം വകുപ്പിനെ യൂണിറ്റായി പരിഗണിക്കുന്നതുമാണ് സംവരണ അട്ടിമറിക്കിടയാക്കിയത്. മൂന്ന് സംവരണ ഉദ്യോഗാര്‍ഥികളുടെ അവസരം അട്ടിമറിച്ചാണ് ജോയന്റ് സെക്രട്ടറി തസ്തികയില്‍ നിയമനം ലഭിച്ച 9 പേര്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

സാധാരണ ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോയന്റ് സെക്രട്ടറി തസ്തികയില്‍ നിയമിക്കുക. ഈ തസ്തികയിലേക്ക് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് താത്ക്കാലിക നിയമനം നൽകാന്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമനത്തിന് ‌പേഴ്സണല്‍ ആന്‍ഡ് ട്രയിനിങ് വകുപ്പ് അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ വിവാദമാകുകയും ചെയ്തു. ഇത്തരത്തില്‍ സ്വകാര്യ കമ്പനിയില്‍ നിന്നുള്ള 9 പേര്‍ക്ക് കഴിഞ്ഞ മാസം നിയമനം ഉത്തരവ് നല്‍കി. ഇവര്‍ അധികം വൈകാതെ ജോലിയില്‍ പ്രവേശിക്കും. ഈ നിയമനത്തില്‍ സംവരണ അട്ടിമറി നടന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. തസ്തിക യൂണിറ്റായി കണക്കാക്കുന്നതിന് പകരം മന്ത്രാലയങ്ങളും വകുപ്പുകളും പ്രത്യേക യൂണിറ്റായി കണക്കാക്കിയാണ് നിയമനം നൽകിയിരിക്കുന്നത്. റോസ്റ്റര്‍ സംവിധാനമനുസരിച്ച് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം നഷ്ടപ്പെടാന്‍ ഇതിടയാക്കി.

ഒരു വകുപ്പിലും നാലില്‍ കൂടുതല്‍ തസ്തികകള്‍ ഇല്ലാത്തതിനാല്‍ സംവരണം ബാധകമാകില്ലെന്ന് കാണിക്കുന്ന ഫയലിലെ പരാമര്‍ശമാണ് വിവരാവകാശ രേഖപ്രകാരം ലഭിച്ചത്. താത്ക്കാലികമായതിനാല്‍‍ നിയമനം ഡെപ്യൂട്ടേഷനായാണ് പരിഗണിക്കുക. അതിനാല്‍ സംവരണം നിര്‍ബന്ധമല്ല. നിയമനം നടക്കുന്ന സമയത്ത് പേഴ്സണല്‍ ആന്‍ഡ് ട്രയിനിങ് വകുപ്പ് അഡീഷണല്‍‍ സെക്രട്ടറി സുജാത ചതുര്‍വേദി യു.പി.എസ്.സി സെക്രട്ടറി രാകേഷ് ഗുപ്തക്കയച്ച കത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ രണ്ട് ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്കും ഒരു എസ്.സി ഉദ്യോഗാര്‍ഥിക്കും ലഭിക്കേണ്ട സംവരണ സീറ്റുകള്‍ അട്ടിമറിച്ചാണ് 9 പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.