LiveTV

Live

National

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു; കൂടുതല്‍ ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കി

ആരോഗ്യ മന്ത്രാലയം ആശയവിനിമയത്തിന് ശ്രമിച്ചിട്ടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറാകുന്നില്ലെന്നാണ് വിവരം. 

 ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു; കൂടുതല്‍ ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കി

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു. കൂടുതല്‍ ഡോക്ടര്‍മാര്‍ രാജി കത്ത് നല്‍കി. ആരോഗ്യ മന്ത്രാലയം ആശയവിനിമയത്തിന് ശ്രമിച്ചിട്ടും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറാകുന്നില്ലെന്നാണ് വിവരം. കോടതി നിർദേശ പ്രകാരം മമത ബാർജി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. ആശുപത്രിയിൽ മരിച്ച രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

ഡോക്ടര്‍മാര്‍ ഉടന്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാതെ തിരികെ കയറില്ലെന്നും മമത ബാനര്‍ജി പ്രശ്നം പരിഹരിക്കാതെ ഭീഷണിപ്പെടുത്തുകയാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. 300 ൽ അധികം ഡോക്ടര്‍മാര്‍ രാജി കത്ത് നല്‍കി. പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ കൊല്‍ക്കൊത്ത ഹൈക്കോടതി മമത ബാനര്‍ജിക്ക് നിര്‍ദേശം നല്‍കി. എന്ത് നടപടിയാണ് മമത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സുരക്ഷക്കായി ചെയ്തതെന്നും കോടതി ചോദിച്ചു.എത്രയും പെട്ടെന്ന് വിഷയം ചര്‍ച്ച ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രശ്നം രൂക്ഷമായതോടെ ഡോക്ടര്‍മാരുടെ സംഘം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനെ കണ്ടിരുന്നു. രോഗികളെ ബുദ്ധിമുട്ടിക്കാതെ രീതിയിലുള്ള സമരം നയിക്കാനാണ് ഹര്‍ഷവര്‍ധന്റെ നിര്‍ദേശം. ഉടൻ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിന് കേന്ദ്രം കത്തയച്ചു. 25 തവണ ഫോണ്‍ വിളിച്ചിട്ടും മറുപടി നല്‍കാന്‍ മമത തയ്യാറായില്ലെന്നാണ് വിവരം. കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഡോക്ടര്‍മാര്‍. തിങ്കളാഴ്ച ഐ.എം.എ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചു. ഇതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് രോഗികള്‍.