LiveTV

Live

National

മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് തീരും

പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ്ങിന്റെ സാന്നിദ്ധ്യം ആവശ്യമെന്ന നിലപാട് ഡി.എം.കെക്കുണ്ട്.

മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് തീരും

അസമില്‍ നിന്നുള്ള എം.പിയായ ആയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ രാജ്യസഭ കാലാവധി ഇന്ന് തീരും. തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എം.എല്‍.എമാര്‍ ഇല്ല എന്നതുകൊണ്ട് അസമില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും എത്താനാവില്ല. അതേസമയം തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങ്ങിനായി വിട്ടുനല്‍ക്കാന്‍ ഡി.എം.കെ സന്നദ്ധമാണ്.

1991ലാണ് അസമില്‍ നിന്നും മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്. പിന്നീടതില്‍ മുടക്കമുണ്ടായില്ല. അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത് 2013 മെയ് 30ന്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടാവുകയും വന്‍ ഭൂരിപക്ഷം ഉണ്ടാവുകയും ചെയ്ത കാലത്തായിരുന്നു അത്.

നിലവില്‍ സാഹചര്യം അതല്ല. 43പേരുടെ പിന്തുണ വേണമെന്നിരിക്കേ കോണ്‍ഗ്രസിന് 25 എംഎല്‍എമാരെ അസം നിയമസഭയിലുള്ളൂ. ആവശ്യമായ പിന്തുണ ഉള്ളത് കര്‍ണാടക, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ്. പക്ഷെ ഈ സംസ്ഥാനങ്ങളിലൊന്നും രാജ്യസഭയിലേക്ക് ഒഴിവില്ല. ശേഷിക്കുന്നത് തമിഴ്‌നാടാണ്.

ജൂലൈ 24ന് ഒഴിവ് വരുന്നത് 6 സീറ്റുകള്‍. ഇതില്‍ മൂന്നെണ്ണമാണ് ഡി.എം.കെ സഖ്യത്തിന് ലഭിക്കുക. ഒരു സീറ്റ് എം.ഡി.എം.കെയുടെ വൈക്കോയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് കൂടി പ്രാതിനിധ്യം നല്‍കാന്‍ തമിഴ്‌നാട് പി.സി.സി ആവശ്യപ്പെടുന്നുണ്ട്.

പാര്‍ലമെന്റില്‍ മന്‍മോഹന്‍സിങ്ങിന്റെ സാന്നിദ്ധ്യം ആവശ്യമെന്ന നിലപാട് ഡി.എം.കെക്കുണ്ട്. എന്നാല്‍, തമിഴ്‌നാട് പി.സി.സി വഴി ആവശ്യപ്പെടുന്നതല്ലാതെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇതുവരെ രാജ്യസഭാ സീറ്റ് ചര്‍ച്ച സ്റ്റാലിനുമായി നടത്തിയിട്ടില്ല.