LiveTV

Live

National

ജെ.എന്‍.യു പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിദ്യാര്‍ഥി യൂണിയന്‍

റഷ്യന്‍, സ്പാനിഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളുടെ ബിരുദ കോഴ്‌സുകളുടെ പൊതു പ്രവേശപരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്നാണ് പരാതി

ജെ.എന്‍.യു പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വിദ്യാര്‍ഥി യൂണിയന്‍

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണവുമായി വിദ്യാര്‍ഥി യൂണിയന്‍ രംഗത്ത്. പരീക്ഷ തുടങ്ങും മുന്‍പേ വിദേശ ഭാഷകളുടെ ബിരുദ കോഴ്‌സിനുള്ള പ്രവേശ പരീക്ഷയുടെ ചോദ്യപേപ്പര്‍ പല വിദ്യാര്‍ഥികള്‍ക്കും വാട്‌സാപില്‍ ലഭിച്ചെന്നാണ് ആരോപണം. പരാതിപ്പെട്ടിട്ടും സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു.

റഷ്യന്‍, സ്പാനിഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളുടെ ബിരുദ കോഴ്‌സുകളുടെ പൊതു പ്രവേശപരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്നാണ് പരാതി. മറ്റ് കോഴ്‌സുകളിലേക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലും വ്യാപക വീഴ്ചയുണ്ടെന്നും ആക്ഷേപമുണ്ട്. പലതും പഴയ ചോദ്യപേപ്പറുകളില്‍ നിന്ന് അപ്പടി പകര്‍ത്തിയവയാണ് തെരഞ്ഞെടുക്കാന്‍ നല്‍കിയ ഉത്തരങ്ങള്‍ പൂര്‍ണമായും തെറ്റിച്ചാണ് ചില ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നത്.

പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് കൈമാറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്റെ ആരോപണം. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥി യൂണിയന്‍ ആവശ്യപ്പെട്ടു. പരീക്ഷ നടത്തിപ്പില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടാക്കുന്ന ആരോപണമാണ് വിദ്യാര്‍ഥി യൂണിയനുള്ളത്.