LiveTV

Live

National

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി

എ.എന്‍ 32വിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തിട്ടുണ്ട്.

കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹം കണ്ടെത്തി

വ്യോമസേന വിമാനം എ.എന്‍ 32വില്‍ ഉണ്ടായിരുന്ന മലയാളികള്‍ അടക്കമുള്ള 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ അരുണാചല്‍ പ്രദേശിലെ വനത്തില്‍ നിന്ന് ഹെലികോപ്ടറില്‍ പുറത്തെത്തിക്കും. എ.എന്‍ 32വിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തിട്ടുണ്ട്. വിമാനം കാണാതായി 10 ദിവസത്തിന് ശേഷമാണ് വിമാനം തകര്‍ന്ന സ്ഥലത്ത് എത്താന്‍ തെരച്ചില്‍ സംഘത്തിനായത്.

എട്ട് പേരടങ്ങുന്ന തെരച്ചില്‍ സംഘം ഇന്ന് രാവിലെയോടെയാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 13 മൃതദേഹങ്ങളും കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഹെലികോപ്ടറില്‍ വനപ്രദേശത്ത് നിന്ന് പുറത്തെത്തിക്കുമെന്ന് വ്യോമസേന അറിയിച്ചു.

എം.ഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ എ.എന്‍ 32 വിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ നിരപ്പായ പ്രദേശമല്ലാത്തതിനാല്‍ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത മറ്റൊരു സ്ഥലത്തെ എട്ടംഗ സംഘത്തെ ഇറക്കുകയും ഇവര്‍ കാല്‍നടയായി സ്ഥലത്ത് എത്തുകയുമായിരുന്നു. മരിച്ച വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച വ്യോമസേന ഇവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ കൈമാറിയതായും അറിയിച്ചു. കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി ഷെരിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

ജൂണ്‍ 3ന് ഉച്ചയോടെ അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്. വിവിധ സേനാ വിഭാഗങ്ങളോടൊപ്പം ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് വഴിയുള്ള തെരച്ചിലും നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം അതിവേഗം സാധ്യമാക്കുന്ന സിഗ്നല്‍ സംവിധാനം എ.എന്‍ 32വില്‍ പ്രവര്‍ത്തിച്ചില്ലെന്നത് നേരത്തെ വലിയ വിവാദമായിരുന്നു. 14 വര്‍ഷം മുന്‍പ് നിര്‍മ്മാണം നിര്‍ത്തിയ സിഗ്നല്‍ സംവിധാനമാണ് ഈ വിമാനത്തില്‍ ഉപയോഗിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.