LiveTV

Live

National

കോയമ്പത്തൂരിലെ എന്‍.ഐ.എ  റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍,6 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

പിടിയിലായ മറ്റു അഞ്ചു പേർക്കും ഇന്ന് കോയമ്പത്തൂരിലെ എൻ.ഐ.എ ക്യാമ്പ് ഓഫിസിൽ ഹാജരാകുന്നതിന് സമൻസയച്ചിട്ടുണ്ട്

കോയമ്പത്തൂരിലെ എന്‍.ഐ.എ  റെയ്ഡ്; ഒരാള്‍ അറസ്റ്റില്‍,6 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കോയമ്പത്തൂരിൽ റെയ്ഡ് നടത്തിയ എന്‍.ഐ.എ ഒരാളെ അറസ്റ്റ് ചെയ്തു. ഉക്കടം അമ്പു നഗർ സ്വദേശി മുഹമ്മദ് എച്ച് അസറുദ്ധീനാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും .ഇയാളടക്കം 6 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. കുറ്റാരോപിതരായ ആളുകൾ 26 - 32 വയസിനും ഇടയിലുള്ളവരാണ് .

യുവാക്കളെ ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി റിക്രൂട്ട് ചെയ്യുന്നതിനായി നിരോധിത സംഘടനയായ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. സമൂഹ മാധ്യമങ്ങൾ വഴി ഐ.എസ് ആശയം പ്രചരിപ്പിച്ചതിന് മാർച്ച് മുപ്പതിന് കോയമ്പത്തൂർ സ്വദേശികളായ 7 പേർക്കെതിരെ മാർച്ച് മുപ്പതിന് എൻ ഐ എ കൊച്ചി യൂണിറ്റ് കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതിയെയാണ് ഇന്നലെ വീട് റെയ്ഡ് ചെയ്തു പിടികൂടിയത്

Also read: ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എന്‍.ഐ.എ റെയ്ഡ്

പിടിയിലായ മുഹമ്മദ് അസറുദ്ധീന്‍ ശ്രീലങ്കൻ സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ സഹ്‌റാൻ ഹാഷിമിന്റെ ഫേസ്ബൂക് സുഹൃത്തായിരുന്നുവെന്നും സഹ്‌റാൻ ഹാഷ്മിയുടെ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുവെന്നും എൻ.ഐ.എ ഇന്നലെ പത്രക്കുറിപ്പിൽ ആരോപിച്ചു. കസ്റ്റഡിയിലുള്ള ഇയാളെ കൊച്ചിയിലേക്ക് കൊണ്ട് പോവുകയും അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറ‍ഞ്ഞു.

ഇയാളടക്കമുള്ള കുറ്റാരോപിതർ ദക്ഷിണേന്ത്യയിൽ വിശിഷ്യാ കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്തുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ ഐസിസിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നാണ് എൻ.ഐ.എ പത്രകുറിപ്പിലെ ആരോപണം. പിടിയിലായ മറ്റു അഞ്ചു പേർക്കും ഇന്ന് കോയമ്പത്തൂരിലെ എൻ.ഐ.എ ക്യാമ്പ് ഓഫിസിൽ ഹാജരാകുന്നതിന് സമൻസയച്ചിട്ടുണ്ട് . കുറ്റാരോപിതരിൽ മറ്റൊരാൾ നേരത്തെ എൻ.ഐ.എ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറുമായി അടുത്ത ബന്ധമുള്ളയാളാണെന്നും എൻ.ഐ.എ ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Also read: റിയാസ് അബൂബക്കറിന്‍റ നേതൃത്വത്തില്‍ കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി എന്‍.ഐ.എ

ഇന്നലെയാണ് കോയമ്പത്തൂരിലെ ഏഴു സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടന്നത്. എട്ട് പേരെ ചോദ്യം ചെയ്തു. ചെന്നൈയിലും റെയ്ഡ് നടത്തിയിരുന്നു. തെരച്ചിലിൽ 14 മൊബൈൽ ഫോണുകളും 29 സിംകാര്ഡുകളും ,10 പെൻഡ്രൈവ് ,3 ലാപ്ടോപ് , 6 മെമ്മറി കാർഡ് ,4 ഹാർഡ് ഡിസ്ക് ഡ്രൈവ് , 1 ഇന്റർനെറ്റ് ടോങ്ഗലെ ,13 സി.ഡി/ ഡി.വി.ഡി ,300 എയർ ഗൺ പെല്ലറ്റ് , കുറ്റകരമായ ഉള്ളടക്കമുള്ള ഏതാനും നോട്ടീസുകൾ എന്നിവ കണ്ടെത്തുവെന്നും എൻ.ഐ.എ പത്രക്കുറിപ്പിൽ പറയുന്നു .

ഇന്നലെ രാവിലെ 5 .30 മണിയോടെയാണ് പരിശോധന തുടങ്ങിയത്. കോയമ്പത്തൂരിലെയും കൊച്ചിയിലെയും എന്‍.ഐ.എ സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പോത്തനൂര്‍, ഉക്കടം, കുനിയമ്പത്തൂര്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. എട്ട് പേരുടെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.

Also read: റിയാസ് അബൂബക്കറിന്‍റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി