LiveTV

Live

National

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് നേരെ പൊലീസ് അതിക്രമം; ഉദ്യോഗസ്ഥന്‍ വായയില്‍ മൂത്രമൊഴിച്ചതായി പരാതി

ഷംലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അമിത് ശര്‍മയാണ് അക്രമത്തിനിരയായത്

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് നേരെ പൊലീസ് അതിക്രമം; ഉദ്യോഗസ്ഥന്‍ വായയില്‍ മൂത്രമൊഴിച്ചതായി പരാതി

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് നേരെ പൊലീസ് അതിക്രമം. പൊലീസുദ്യോഗസ്ഥന്‍ വായയില്‍ മൂത്രമൊഴിച്ചതായും മാധ്യമപ്രവര്‍ത്തകന്‍റെ പരാതി. പ്രതിഷേധത്തിനൊടുവില്‍ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ക്രമസമാധാന നില പരിശോധിക്കാന്‍ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചു.

ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം നടന്നത്. ഷംലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ അമിത് ശര്‍മയാണ് അക്രമത്തിനിരയായത്. റെയില്‍വെ പൊലീസിലുള്ളവരാണ് മര്‍ദിച്ചത്. ക്രൂരമായി മര്‍ദിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

മര്‍ദിച്ചതിന് പുറമെ ഇയാളുടെ വായയില്‍ പൊലീസ് മൂത്രമൊഴിച്ചതായും അമിത് ശര്‍മ പരാതിപ്പെട്ടു.മര്‍ദിച്ചവശനാക്കിയ ശേഷം ഇദ്ദേഹത്തെ ലോക്കപ്പിലിടുകയും ചെയ്തു.ഒടുവില്‍ പ്രതിഷേധവുമായി മറ്റ് പൊലീസുദ്യോഗസ്ഥര്‍ എത്തിയതോ‍ടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്.

സംഭവം വിവാദമായതോടെ റെയില്‍വെ എസ്.എച്ച്.ഒ രാകേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സജ്ഞയ് പവാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത നടപടിയില്‍ യുപി സര്‍ക്കാറിന് സുപ്രീംകോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചടി ഏറ്റിരുന്നു. മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചത് കൂടി വിവാദമായതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ ക്രമസമാധാന നില പരിശോധിക്കുന്നതിനായി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്.