LiveTV

Live

National

വായു ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്തെത്തും; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

നാളെ ഉച്ചയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ ദ്വാരകക്കും വെരാവലിനുമിടയിലുള്ള തീരപ്രദേശത്തായി വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

വായു ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്തെത്തും; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

വായു ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ ഗുജറാത്ത് തീരങ്ങളില്‍ വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിനെ നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കി. ഗുജറാത്തിലെ തീരങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

നാളെ ഉച്ചയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്തിലെ ദ്വാരകക്കും വെരാവലിനുമിടയിലുള്ള തീരപ്രദേശത്തായി വീശിയടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. പോര്‍ബന്ധറിന്‍റെ തെക്ക് ഭാഗത്ത് നിന്ന് 360 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്. 13 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരം. 155 മുതല്‍ 165 കിലോമീറ്റര്‍ വരെയാണ് ചുഴലിക്കാറ്റിന്‍റെ വേഗത. ഗുജറാത്തിലെ തീരപ്രദേശങ്ങളായ കച്ച്, ദ്വാരക, വെരാവല്‍, ദിയു, പോര്‍ബന്ധര്‍ എന്നിവിടങ്ങളില്‍ കാറ്റ് നാശം വിതച്ചേക്കും. ഇവിടങ്ങളില്‍ നിന്ന് മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു.

നാശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ദുരന്ത നിവാരണ സേനയുടെ 33 ബറ്റാലിയനുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ മുന്‍കരുതല്‍ വിലയിരുത്തുന്നതിനായി ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കാര്യങ്ങള്‍ അടുത്ത് നിന്ന് വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു.

ഗുജറാത്തിലെ പലയിടങ്ങളിലും ശക്തമായ പൊടിക്കാറ്റും ദൃശ്യമായി തുടങ്ങി. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി തീരപ്രദേശത്തോട് ചേര്‍ന്നുള്ള പോര്‍ബന്ധര്‍, ദിയു, മുണ്ട, ഭാവ്നഗര്‍ വിമാനത്താവളങ്ങള്‍ അടച്ചിട്ടു. ഗുജറാത്തിന് പുറമെ ദക്ഷിണേന്ത്യയിലെ മുഴുവന്‍ തീരപ്രദേശങ്ങളിലും ട്രോളിങ് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പൊതുജനങ്ങളോടും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും അങ്ങിങ്ങായി കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നല്‍കി.