കത്വ കേസ്; ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടം, പ്രതിബന്ധങ്ങള്‍ മറികടന്ന് ഒടുവില്‍ വിധി പ്രസ്താവം
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അഭിഭാഷകര്‍ തടഞ്ഞതും വിചാരണ കോടതി മാറ്റിയതുമടക്കം നിരവധി പ്രതിബന്ധങ്ങളാണ് വിചാരണക്കിടെ പ്രോസിക്യൂഷന് മറികടന്നത്

ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കത്വ പീഡന കൊലപാതകക്കേസില്‍ കോടതി വിധി പ്രസ്താവം നടത്തിയത്. കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അഭിഭാഷകര്‍ തടഞ്ഞതും വിചാരണ കോടതി മാറ്റിയതുമടക്കം നിരവധി പ്രതിബന്ധങ്ങളാണ് വിചാരണക്കിടെ പ്രോസിക്യൂഷന് മറികടന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി 10നാണ് കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയെ കാണാതാകുന്നത്. വളര്‍ത്തച്ചന്റെ പരാതിയില്‍ ആദ്യ എഫ്ഐആര്‍. ജനുവരി 17ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ജമ്മുകശ്മീരിൽ പി.ഡി.പി-ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി. അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കുമെന്നുറപ്പ് നല്കിയ അന്നത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജനുവരി 22ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
ഫെബ്രുവരിയില്‍ കുറ്റവാളികൾക്ക് പിന്തുണയുമായി ഹിന്ദു ഏക്ത മഞ്ചിന്റെ പ്രതിഷേധം. മാര്‍ച്ചില്‍ നടന്ന മറ്റൊരു പ്രതിഷേധത്തില്‍ ജമ്മുവിലെ ബി.ജെ.പി മന്ത്രിമാരായ ചദരി ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവരും പങ്കുചേര്‍ന്നു. ഏപ്രില്‍ 9ന് കത്വ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ തടഞ്ഞു. എങ്കിലും പത്തിന് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ പതിനാറിന് കത്വ കോടതിയില്‍ തന്നെ വിചാരണ ആരംഭിച്ചു.
കുറ്റപത്രത്തിന്റെ വിവരങ്ങള്‍ പുറത്തായതോടെ രാജ്യവ്യാപക പ്രതിഷേധം അരങ്ങേറി. രാജ്യത്തിനും പുറത്ത് നിന്നും പ്രതികരണങ്ങളുണ്ടായി. ഹീനമായ കുറ്റകൃത്യമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ പ്രതികരിച്ചു. അതിനിടെ കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.
ജമ്മു കശ്മീര്‍ സര്‍ക്കാറിന്റെ കൂടി അഭിപ്രായത്തോടെ കേസ് മെയ് 7ന് സുപ്രീംകോടതി പത്താന് കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പിന്നീട് ഒരു വര്‍ഷം നീണ്ട വിചാരണ. പരമോന്നത കോടതിയുടെ നിര്‍ദേശ പ്രകാരം അടച്ചിട്ട മുറിയില്‍ കാമറയില്‍ പകര്‍ത്തി നടന്ന വിചാരണ നടപടികള്‍ ഈ മാസം മൂന്നിനാണ് അവസാനിച്ചത്.
കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള അഭിഭാഷകരുടെ ശ്രമവും കുറ്റക്കാരെ വെളുപ്പിച്ചെടുക്കാനുള്ള ഹിന്ദു ഏക്ത മഞ്ചിന്റെ ശ്രമങ്ങളുമെല്ലാം മറികടന്നാണ് ജെകെ ചോപ്ര, എസ്.എസ് ബസ്ര, ഹര്‍മീന്ദര്‍ സിങ് എന്നിവരടങ്ങുന്ന പ്രോസിക്യൂഷന് സംഘം വിചാരണ നടപടികൾ പൂര്‍ത്തിയാക്കിയത്