LiveTV

Live

National

മദ്രസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി വിദ്യഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുമെന്ന് ന്യൂനപക്ഷ മന്ത്രാലയം

ആധുനിക വിദ്യാഭ്യാസം നല്‍കി മുസ്‍ലിം മത പാഠശാലകളെ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം

മദ്രസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കി വിദ്യഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുമെന്ന് ന്യൂനപക്ഷ മന്ത്രാലയം

മതപാഠം ഒഴികെയുള്ള വിഷയങ്ങളില്‍ മദ്രസ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ തീരുമാനം. ഇതുവഴി മദ്രസ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആധുനിക വിജ്ഞാനം ആര്‍ജിക്കാനാകുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. നിലവില്‍ വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ ന്യൂനപക്ഷ മന്ത്രാലയം തയ്യാറാണെന്ന് മാനവവിഭവശേഷി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആധുനിക വിദ്യാഭ്യാസം നല്‍കി മുസ്‍ലിം മത പാഠശാലകളെ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതിനായാണ് മദ്രസ അധ്യാപകര്‍ക്കുള്ള പുതിയ പരിശീലന പരിപാടി. ആധുനിക മതപാഠം ഒഴികെയുള്ള വിഷയങ്ങളില്‍ മദ്രസാധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതാണ് പദ്ധതി. മദ്രസകളില്‍ ആധുനിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ നേരത്തെ തന്നെ പദ്ധതികള്‍ നിലവിലുണ്ട്. ഇതിന് പുറമെ വിദ്യാലയങ്ങളില്ലാത്ത പ്രദേശങ്ങളില്‍ മാനവവിഭവ ശേഷി മന്ത്രാലയവുമായി ചേര്‍ന്ന് ന്യൂനപക്ഷ മന്ത്രാലയം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി വ്യക്തമാക്കി.

ഡല്‍ഹിയില്‍ മൌലാന ആസാദ് എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍റെ ഭരണസമിതി യോഗത്തില്‍ സംസാരിക്കവെയാണ് ന്യൂനപക്ഷ മന്ത്രി നഖ്‍വി ഇക്കാര്യം പറഞ്ഞത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ലക്ഷ്യമിട്ടാണ് രണ്ടാം മോദി സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തല്‍. അഞ്ച് കോടി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളാകുന്ന സ്കോളര്‍ഷിപ്പ് പദ്ധതി തുടരുമെന്നും മന്ത്രി അറിയിച്ചു.