LiveTV

Live

National

വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനം; യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദ്യത്തിന് പ്രകോപനപരമാണ് ഇത്തരം ട്വീറ്റുകളെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം.

വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനം; യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ ഉടന്‍ വിട്ടയക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. വ്യക്തി സ്വാതന്ത്ര്യം പരമപ്രധാനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. യു.പി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി ചോദിച്ചു. പ്രകോപനപരമാണ് ഇത്തരം ട്വീറ്റുകളെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം.

ഇത്തരമൊരു കേസില്‍ 11 ദിവസം റിമാന്‍റ് ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ സുപ്രീം കോടതി വ്യക്തികളുടെ സ്വാതന്ത്രം പരമപ്രധാനമാണെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പ്രശാന്ത് കനോജിയയെ ഉത്തര്‍പ്രദേശ് പൊലീസ് ഡല്‍ഹിയിലെ വസതിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി ലഖ്നൌവിലേക്ക് കൊണ്ടുപോവുകയായിരുന്നു.

യോഗി ആദിത്യനാഥിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; മാധ്യമ പ്രവർത്തകനെ യു.പി പോലീസ്  വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയി
Also Read

യോഗി ആദിത്യനാഥിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; മാധ്യമ പ്രവർത്തകനെ യു.പി പോലീസ് വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പ്രണയത്തിലാണെന്ന് ഒരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത് ട്വീറ്റ് ചെയ്തതിനാണ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ യു പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍‍പസ് ഹരജിയിലാണ് കോടതി വിധി.

കീഴ്ക്കോടതിയിലാണ് ഹരജി നല്‍കേണ്ടതെന്നും പ്രശാന്ത് സ്ഥിരം പ്രകോപനപരമായി ട്വീറ്റ് ചെയ്യാറുണ്ടെന്നും യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇതി തള്ളിയ കോടതി അറസ്റ്റ് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യം ഉന്നയിച്ചു. വ്യക്തിസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന പവിത്രമായ കാര്യമാണ്. അതിനാല്‍ ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട്  നല്‍കിയ ഹരജി  സുപ്രീംകോടതി ഇന്ന് പരിഗണിക്കും
Also Read

യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കനോജിയയെ 11 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത മജിസ്ട്രേറ്റിന്‍റെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത്രയധികം ദിവസം റിമാന്‍റ് ചെയ്യാന്‍ ഇദ്ദേഹം കൊലക്കുറ്റത്തില്‍ പ്രതിയാണോയെന്നും കോടതി ചോദിച്ചു. അറസ്റ്റിനെതിരെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. യോഗി ബുദ്ധി ശൂന്യമായാണ് പെരുമാറുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.