LiveTV

Live

National

‘ആന്റി റോമിയോ സ്‌ക്വാഡി’നെ വീണ്ടും രംഗത്തിറക്കാന്‍ യോഗി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ പട്ടിക തയാറാക്കാനും ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

‘ആന്റി റോമിയോ സ്‌ക്വാഡി’നെ വീണ്ടും രംഗത്തിറക്കാന്‍ യോഗി

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടന്‍ രൂപീകരിച്ച് വിവാദമായ ‘ആന്റി റോമിയോ സ്‌ക്വാഡി’നെ വീണ്ടും രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. അടുത്തിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് യോഗി ആദിത്യനാഥ് തന്നെ മുന്‍കൈയെടുത്ത് ‘ആന്റി റോമിയോ സ്‌ക്വാഡി'നെ രംഗത്തിറക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ പട്രോളിങ് ശക്തമാക്കാനും ‘ആന്റി റോമിയോ സ്‌ക്വാഡി'നെ കൂടുതല്‍ ശക്തമാക്കാനും യോഗി, സംസ്ഥാന പൊലീസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളുടെ പട്ടിക തയാറാക്കാനും ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ആന്റി റോമിയോ സ്‌ക്വാഡു'കള്‍ നിര്‍ജീവമാണെന്ന അഭിപ്രായമാണ് യോഗി ആദിത്യനാഥിനുള്ളത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റുകള്‍ വൈകുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ കേസുകളില്‍ വളരെ വേഗം നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന ഡി.ജി.പിയുടെ പ്രതികരണം. സമീപകാലത്ത് അലിഗഡ്, കുശിനഗര്‍, ഹാമിര്‍പുര്‍, കാണ്‍പുര്‍, മീററ്റ് എന്നിവടങ്ങളിലുണ്ടായ ബലാത്സംഗക്കേസുകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.